മലപ്പുറം ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. പ്രതിദിന രോഗബാധതിരുടെ എണ്ണം 900 വും കടന്ന് 915 പേര്‍ക്കാണ് ഞായറാഴ്ച്ച ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 848 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അടുത്തടുത്ത ദിവസങ്ങളിലായാണ് ഇത്രയുമധികം രോഗബാധിതര്‍ ജില്ലയില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നത്.
കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ വീഴ്ചയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ ജനങ്ങള്‍ കൊവിഡിനെതിരെയുള്ള ജാഗ്രതയിലെ ഇളവായി കണ്ടതാകാം ഇത്രയും കേസുകള്‍ വര്‍ധിക്കാനിടയാക്കിയതെന്നാണ് കരുതപ്പെടുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധയുണ്ടായവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 18 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് രോഗമുക്തി നേടിയ 399 പേരുള്‍പ്പടെ ഇതുവരെ 15,060 പേരാണ് വിദഗ്ധ ചികിൽസക്ക് ശേഷം ജില്ലയില്‍ വീടുകളിലേക്ക് മടങ്ങിയത്.
34,387 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 4,757 പേര്‍ വിവിധ ചികിൽസാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 523 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,749 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 1,60,541 സാംപിളുകളില്‍ 4,796 സാംപിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.