മലപ്പുറം: കൊവിഡ് ബാധിതരുടെ ആരോഗ്യ നില തൃപ്തികരം
ഇതുവരെ 1,127 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു
മലപ്പുറം: കൊവിഡ് 19 ബാധിച്ച് മലപ്പുറം ജില്ലയില്‍ ഇപ്പേള്‍ ചികിൽസയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. 19 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദഗ്ധ ചികിൽസക്ക് ശേഷം രോഗമുക്തരായി ആശുപത്രി വിട്ടു.
17 പേരാണ് നിലവില്‍ കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ളത്. ജില്ലയില്‍ ഇതുവരെ 1,127 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. 173 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
അതേസമയം കൊവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വാര്‍ഡ് തലങ്ങളില്‍ ദ്രുത കര്‍മ്മ സംഘങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ന് പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുള്ള 6,262 വീടുകള്‍ ദ്രുത കര്‍മ്മ സംഘങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പിന് നിര്‍ദേശങ്ങള്‍ കൈമാറി. ഇതിനൊപ്പം നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിച്ചു വരികയാണ്. 2,194 സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.