കടലിലെ രക്ഷാപ്രവര്‍ത്തനം: പൊന്നാനിയില്‍ കോസ്റ്റ് ഗാര്‍ഡ് യൂനിറ്റ് ആരംഭിക്കണം: ഇ ടി
മലബാര്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടത്ര സംവിധാനങ്ങളൊന്നുമില്ല.
പൊന്നാനി: പ്രതികൂലമായ കാലാവസ്ഥയില്‍ പലപ്പോഴും മല്‍സ്യ തൊഴിലാളികള്‍ക്ക് മാരകമായ പരിക്ക് പറ്റുകയും കാണാതാവുകയും മരണങ്ങള്‍ സംഭവിക്കുകയും വില പിടിപ്പുള്ള മല്‍സ്യബന്ധന ഉപകരണങ്ങള്‍ തകര്‍ന്നു നാമാവശേഷമാവുകയും നഷ്ടപ്പെടുകയും ചെയ്യുന്നതു വര്‍ധിച്ച സാഹചര്യത്തില്‍ മലബാറില്‍ പൊന്നാനി കേന്ദ്രീകരിച്ച് കോസ്റ്റ് ഗാര്‍ഡ് യൂനിറ്റ് അനുവദിച്ചു സേവനം ഉറപ്പുവരുത്തണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഫിഷറീസ് വകുപ്പ് മന്ത്രിക്കും എംപി കത്ത് അയച്ചു.
കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, നേവി, കോസ്റ്റല്‍ പോലിസ്, പോലിസ്, റവന്യൂ, ദുരന്തനിവാരണ വകുപ്പ്, തുടങ്ങിയ വകുപ്പുകളിലെ നിലവിലുള്ള സംവിധാനങ്ങള്‍ വിപുലപ്പെടുത്തുകയും ഇതിന്റെയെല്ലാം ഏകോപനത്തിന്ന് ഒരു ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യണം.
590 കിലോമീറ്റര്‍ നീളമുള്ള കേരളത്തിലെ കടല്‍തീരത്ത് മൂന്ന് ലക്ഷത്തിലധികം മല്‍സ്യബന്ധന തൊഴിലാളികള്‍ ഉണ്ട്. കടലിലെ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തന സംവിധാനം അധികവും കേന്ദ്രീകരിച്ചിട്ടുള്ളത് എറണാകുളത്താണ്. മലബാര്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടത്ര സംവിധാനങ്ങളൊന്നുമില്ല. ഹെലികോപ്റ്റര്‍, റസ്‌ക്യൂ ബോട്ട്, കപ്പല്‍, തുടങ്ങിയവയുടെ സേവനം എറണാകുളത്ത് നിന്നും സാങ്കേതിക നടപടികള്‍ കഴിഞ്ഞു എത്തിച്ചേരാന്‍ പലപ്പോഴും ഒന്നിലധികം ദിവസങ്ങള്‍ വേണ്ടി വരുന്നു.
രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ യഥാസമയം ലഭ്യമാവാത്തതിനാല്‍ ഒട്ടനവധി മല്‍സ്യതൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. പൊന്നാനിയിലെ കോസ്റ്റല്‍ പോലിസിന്റെ റസ്‌ക്യൂ ബോട്ട് വര്‍ഷങ്ങളായി കേടായി പ്രവര്‍ത്തനക്ഷമമല്ലാതെ കിടക്കുകയാണ്. ഫിഷറീസ് വകുപ്പ് വാടകക്കെടുത്ത ഒരു പഴയ ഫിഷിംഗ് ബോട്ട് മാത്രമാണ് ഇപ്പോഴുള്ളെതെന്നും എംപി കത്തില്‍ ചൂണ്ടിക്കാട്ടി.
കടലിലുണ്ടാവുന്ന അപകടങ്ങളുടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമല്ലാത്തതിനാല്‍ അപകടങ്ങളുണ്ടായി ദിവസങ്ങളോളം കഴിഞ്ഞാലും ഒരു ഫലവും ഉണ്ടാവുകയോ കടലില്‍ കാണാതാവുന്നവരെ കണ്ടെത്താനോ കഴിയാതെ വരുന്നുണ്ട്. പലപ്പോഴും മല്‍സ്യ തൊഴിലാളികള്‍ തന്നെയാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നത്. കടലിലെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും വേഗതയിലാക്കുകയും പാവപ്പെട്ട പരമ്പരാഗത മല്‍സ്യ തൊഴിലാളികളുടെ ജീവനും തൊഴിലുപകരണങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിനും സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്ന് എംപി കത്തില്‍ ആവശ്യപ്പെട്ടു.