ആലപ്പുഴ ചിങ്ങോലി കാവില്‍പടിക്കല്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

ക്ഷേത്രത്തിന്റെ ഓടിന് മുകളിലൂടെ കയറി ഇരുമ്പ് നെറ്റ് ഇളക്കി ചുറ്റമ്പലത്തില്‍ കടന്ന മോഷ്ടാക്കള്‍ മുക്കാല്‍ കിലോയോളം സ്വര്‍ണാഭരണങ്ങളും രണ്ടര ലക്ഷത്തോളം രൂപയും കവര്‍ന്നു

Update: 2021-12-22 04:37 GMT

ഹരിപ്പാട്: ചിങ്ങോലി കാവില്‍പടിക്കല്‍ ദേവീക്ഷേത്രത്തില്‍ നിന്ന് മുക്കാല്‍ കിലോയോളം സ്വര്‍ണാഭരണങ്ങളും രണ്ടര ലക്ഷത്തോളം രൂപയും കവര്‍ന്നു. ക്ഷേത്രമുറ്റം തൂക്കാനെത്തിയവരാണ് മോഷണ വിവരം ആദ്യം അറിയുന്നത്. ദേവസ്വം കൗണ്ടറിന്റെയും ഓഫിസിന്റെയും വാതിലുകള്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.

ഭരണസമിതി പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രന്‍, സെക്രട്ടറി വേണുഗോപാലന്‍ നായര്‍ എന്നിവര്‍ സ്ഥലത്തെത്തി കൂടുതല്‍ പരിശോധിച്ചപ്പോഴാണ് ചുറ്റമ്പലത്തിലെ പടിഞ്ഞാറെ നട തുറന്നുകിടക്കുന്നതും ക്ഷേത്രത്തിനകത്ത് മോഷണം നടന്നതും അറിയുന്നത്. കായംകുളം ഡിവൈഎസ്പി അലക്‌സ് ബേബി, കരീലക്കുളങ്ങര എസ്‌ഐ എ ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ദ്ധ ബ്രീസി ജേക്കബ്, വിരലയാള വിദഗ്ദ്ധരായ എസ് വിനോദ്കുമാര്‍, എസ് സന്തോഷ് എന്നിവരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

പ്രധാന ക്ഷേത്രത്തിന്റെ ഓടിന് മുകളിലൂടെ കയറി ഇരുമ്പ് നെറ്റ് ഇളക്കിയാണ് മോഷ്ടാക്കള്‍ ചുറ്റമ്പലത്തില്‍ കടന്നത്. ഇതിനുള്ളിലെ ചെറിയ മുറിയില്‍ സൂക്ഷിച്ചിരുന്ന ശ്രീകോവിലിന്റെ താക്കോല്‍ കൈക്കലാക്കി വിഗ്രഹത്തില്‍ ചാര്‍ത്തുന്ന പത്ത് പവനിലേറെ തൂക്കമുള്ള മാലയും ഇതോടൊപ്പം സൂക്ഷിച്ചിരുന്ന മേല്‍ശാന്തി മനുവിന്റെ രണ്ടേകാല്‍ ലക്ഷത്തോളം രൂപയും അപഹരിച്ചു. വീടുപണിയെ തുടര്‍ന്ന് ബാങ്കില്‍ നിന്ന് എടുത്തുസൂക്ഷിച്ചിരുന്ന പണവും ശമ്പളവും ദക്ഷിണയുമായി ലഭിച്ച തുകയുമാണ് നഷ്ടമായത്.

സ്വര്‍ണ കുമിളകള്‍, വ്യാളീമുഖം എന്നിവയാണ് നഷ്ടപ്പെട്ട മറ്റ് ഉരുപ്പടികള്‍. വഴിപാട് കൗണ്ടറിന്റെ താഴും തല്ലിത്തുറന്നു. ഇവിടെ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയും കവര്‍ന്നു. ദേവസ്വം ഓഫീസില്‍ നിന്ന് പഴയ ഒരു കാണിക്കവഞ്ചിയും ഓഫിസ് ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും എടുത്തെങ്കിലും ക്ഷേത്രത്തിന് പിന്നില്‍ കാവിന് സമീപം ഉപേക്ഷിച്ചു.വെള്ളി രൂപങ്ങളും ദേവതകളെ അണയിച്ചിരുന്ന വിലപിടിപ്പില്ലാത്ത ആഭരണങ്ങളും സ്‌റ്റേജിന് പിന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Tags:    

Similar News