മൊറട്ടോറിയം കാലാവധി അവസാനിച്ചു;ബാങ്കുകള്‍ നടപടി തുടങ്ങി;ജപ്തി ഭീഷണിയില്‍ വയനാട്ടിലെ കര്‍ഷകര്‍

പതിനായിരത്തോളം കര്‍ഷകര്‍ക്ക് ബാങ്കുകളുടെ ജപ്തി നോട്ടിസുകള്‍ ലഭിച്ചതായി കര്‍ഷക സംഘടനാ ഭാരവാഹികള്‍ പറഞ്ഞു

Update: 2022-02-16 06:38 GMT
മൊറട്ടോറിയം കാലാവധി അവസാനിച്ചു;ബാങ്കുകള്‍ നടപടി തുടങ്ങി;ജപ്തി ഭീഷണിയില്‍ വയനാട്ടിലെ കര്‍ഷകര്‍

വയനാട്: മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ വായ്പകള്‍ തിരിച്ചടയ്ക്കാത്ത കര്‍ഷകര്‍ക്കെതിരെ നടപടി സ്വീകരിച്ച് വയനാട്ടിലെ ബാങ്കുകള്‍. സര്‍ഫാസി നിയമപ്രകാരമാണ് നടപടി. ഇതോടെ കര്‍ഷകര്‍ കൂട്ട ജപ്തി ഭീഷണിയിലായിരിക്കുകയാണ്. എടുത്ത വായ്പയുടെ പലമടങ്ങ് അധികം തുകയാണ് ഇപ്പോള്‍ കര്‍ഷകര്‍ തിരിച്ചടക്കേണ്ടത്. ഇല്ലെങ്കില്‍ വീട് ഉള്‍പ്പടെ ജപ്തി ചെയ്യുമെന്ന് ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കി.

പ്രളയത്തിന്റെയും തുടര്‍ന്നു വന്ന കൊവിഡിന്റെയും പശ്ചാത്തലത്തില്‍ എല്ലാ കാര്‍ഷിക വായ്പകള്‍ക്കും ഡിസംബര്‍ 31 വരെ സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. കാലാവധി കഴിഞ്ഞ ശേഷം വായ്പകള്‍ തിരിച്ചടയ്ക്കാത്ത കര്‍ഷകര്‍ക്കെതിരെയാണ് ബാങ്കുകള്‍ നടപടി തുടങ്ങിയിരിക്കുന്നത്.

പതിനായിരത്തോളം കര്‍ഷകര്‍ക്ക് ബാങ്കുകളുടെ ജപ്തി നോട്ടിസുകള്‍ ലഭിച്ചതായി കര്‍ഷക സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. മുള്ളന്‍കൊല്ലി, പുല്‍പള്ളി, പൂതാടി പഞ്ചായത്തുകളില്‍ മാത്രം രണ്ടായിരത്തിലേറെ ജപ്തി നോട്ടിസുകളാണ് ലഭിച്ചത്. പതിനായിരം രൂപ വായ്പ എടുത്ത കര്‍ഷകര്‍ക്ക് പോലും ജപ്തി നോട്ടിസ് ലഭിച്ചിട്ടുണ്ട്.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ജില്ലക്കായി പ്രഖ്യാപിച്ച 7,000 കോടി രൂപയുടെ കാര്‍ഷിക പാക്കേജില്‍ 1,000 കോടി രൂപ കര്‍ഷക കടാശ്വാസത്തിനു നീക്കിവെക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.

Tags:    

Similar News