കോഴിക്കോട് പുതുതായി കൊറോണ സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നെത്തിയ ആള്‍ക്ക്
ഇദ്ദേഹത്തെ ചികിൽസക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് ഏറാമല സ്വദേശിയായ 31 കാരന്. ദുബൈയില്‍ നിന്നെത്തിയ ഇയാള്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചികിൽസക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നില തൃപ്തികരമാണ്.
മാര്‍ച്ച് 22-ന് പുലര്‍ച്ചെയാണ് ഇയാള്‍ ദുബൈയില്‍ നിന്നു ബംഗളൂരു വഴി കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. അവിടെ നിന്ന് ടാക്സി വഴി കുന്നുമ്മക്കര, പയ്യത്തൂരിലെത്തി പ്രത്യേകം സജ്ജമാക്കിയ വീട്ടില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. ദുബൈയില്‍ കൂടെ ജോലി ചെയ്യുന്നവര്‍ പോസിറ്റീവ് ആയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 15ന് ആംബുലന്‍സില്‍ വടകര ആശുപത്രിയില്‍ എത്തിച്ച് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20 ആയി. ജില്ലയില്‍ റിപോര്‍ട്ട് ചെയ്ത ആകെ 20 പോസിറ്റീവ് കേസുകളില്‍ 9 പേരും മറ്റു നാലു ജില്ലക്കാരില്‍ രണ്ടുപേരും രോഗമുക്തരായിയിട്ടുണ്ട്. ഇപ്പോള്‍ 11 കോഴിക്കോട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശികളുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലുള്ളത്.