ബാബരി മസ്ജിദ് പുനര്‍നിര്‍മാണം: എസ്ഡിപിഐ പ്രതിഷേധ സംഗമം

Update: 2020-12-06 14:01 GMT

കണ്ണൂര്‍: ചരിത്ര പ്രസിദ്ധമായ ബാബരി മസ്ജിദ് സംഘപരിവാര അക്രമികള്‍ തകര്‍ത്തെറിഞ്ഞതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് 'ബാബരി ദിനമായി' ആചരിക്കുന്നതിന്റെ ഭാഗമായി എസ്ഡിപിഐ കണ്ണൂര്‍, കാസര്‍കോഡ ജില്ലാ കമ്മിറ്റികള്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

നീതി പറയേണ്ട കോടതികള്‍ പോലും സംഘപരിവാറിന് കീഴൊതുങ്ങിയ കാലത്തിലൂടെയാണ് നമ്മുടെ രാജ്യം മുന്നോട്ടു പോയി കൊണ്ടിരിക്കുന്നതെന്നും മതനിരപേക്ഷകരുടെയും, മതേതര പാര്‍ട്ടികളുടേയും മൗനം വര്‍ഗ്ഗീയ വാദികള്‍ക്ക് വളമാണെന്നും എസ്ഡിപിഐ ജില്ല പ്രസിഡന്റ് എന്‍.യു അബ്ദുല്‍ സലാം പറഞ്ഞു. ബാബരി മസ്ജിദ് പുനര്‍നിര്‍മാണത്തിലൂടെയാണ് ഇന്ത്യയുടെ മതേതരത്വം വീണ്ടെടുക്കേണ്ടതെന്നും, നീതി പുലരുന്നത് വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എസ്ഡിപിഐ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ 'ഡിസംബര്‍6 ബാബരിദിനം' പ്രതിശേധ സംഗമത്തിന്റെ ഭാഗമായി എസ്ഡിപിഐ കാസര്‍കോട് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഡോ.സി ടി. സുലൈമാന്‍, ജില്ലാ സെക്രട്ടറി സവാദ് സി.എ സംസാരിച്ചു വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഖമറുല്‍ ഹസീന, സെക്രട്ടറി ശാനിദ ഹാരിസ്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കോളിയടുക്ക, മണ്ഡലം നേതാക്കളായ അന്‍സാര്‍ ഹൊസങ്കടി, മൂസ ഈച്ചാലിങ്കാല്‍, സകരിയ കുന്നില്‍, സംബന്ധിച്ചു.

അതേസമയം കണ്ണൂരില്‍ 'ബാബരി ഭൂമി മുസ്ലിംകള്‍ക്ക് വിട്ടുനല്‍കുക, മസ്ജിദ് തകര്‍ത്തവരെ ശിക്ഷിക്കുക, ആരാധനാലയ നിയമം 1991 നടപ്പാക്കുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തിയത്.

നാലര നൂറ്റാണ്ടിലധികം രാജ്യത്തിന്റെ അഭിമാന സ്തംഭമായി നിലനിന്ന ബാബരി മസ്ജിദ് 1992 ഡിസംബര്‍ ആറിന് രാജ്യത്തിന്റെ ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചാണ് അക്രമികള്‍ തകര്‍ത്തെറിഞ്ഞത്. ഇന്ത്യന്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും മേലുള്ള തീരാകളങ്കമാണ് ബാബരി ധ്വംസനം. മസ്ജിദ് നിലനിന്നതിന് തെളിവുണ്ടെന്നും അത് തകര്‍ത്തത് അക്രമമാണെന്നും നിരീക്ഷിച്ച കോടതി അന്യായമായി മസ്ജിദിന്റെ ഭൂമി അക്രമികള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പ്രതിഷേധ സംഗമം എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീന്‍ ഉത്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ സ്വാഗതം ആശംസിച്ചു. കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ശംസുദ്ധീന്‍ മൗലവി അധ്യക്ഷത വഹിച്ചു. വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി സുഫീറ അലി അക്ബര്‍, ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം മുഹമ്മദ് റിഫ, ജില്ലാ സെക്രട്ടറി ഷംസീര്‍ പി ടി വി എന്നിവര്‍ സംസാരിച്ചു.




 




 



 






Similar News