തൃശൂർ മാളയിൽ റോഡ് വികസന സര്‍വേ നടപടികള്‍ ആരംഭിച്ചില്ല
സര്‍വേ നടപടികള്‍ക്കായി പുറത്ത് നിന്നും ജോലിക്ക് ആളുകളെ നിയോഗിക്കുന്നതിനുള്ള ചെലവ് പൊതുമരാമത്ത് വകുപ്പ് വഹിക്കാനുള്ള എസ്റ്റിമേറ്റും അംഗീകരിച്ചിട്ടുണ്ട്.
മാള: തൃശൂർ മാളയില്‍ നിന്നും ആലുവക്കും അന്നമനട വഴി ചാലക്കുടിക്കും പോകുന്ന റോഡ് വികസനത്തിനായുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചില്ല. നിരവധി കയ്യേറ്റങ്ങള്‍ നടന്നിട്ടുള്ള പൊതുമരാമത്ത് വക സ്ഥലം കണ്ടെത്താനായാണ് സര്‍വേ നടത്തേണ്ടത്. സര്‍വേ നടത്താന്‍ ജില്ലാ സര്‍വേയര്‍ക്ക് കത്ത് നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടിയായിട്ടില്ല.
മാള-വലിയപറമ്പ് പൊതുമരാമത്ത് റോഡില്‍ നിരവധി കയ്യേറ്റങ്ങളാണ് നടന്നിട്ടുള്ളത്. റോഡിലേക്ക് ഇറങ്ങിയുള്ള നിര്‍മ്മാണങ്ങളും ഏറെയുണ്ട്. നേരിട്ട് ബോധ്യപ്പെടുന്ന കയ്യേറ്റങ്ങള്‍ക്ക് നോട്ടിസ് നല്‍കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എഞ്ചിനിയര്‍ പറഞ്ഞു. അന്നമനട-അത്താണി റോഡ്, വലിയപറമ്പ്-എരവത്തൂര്‍-അത്താണി റോഡ്, അഷ്ടമിച്ചിറ-അന്നമനട റോഡ്, അഷ്ടമിച്ചിറ-മാള റോഡ് എന്നിവയും വികസനത്തിനായി സര്‍വ്വെ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
സര്‍വേ നടപടികള്‍ക്കായി പുറത്ത് നിന്നും ജോലിക്ക് ആളുകളെ നിയോഗിക്കുന്നതിനുള്ള ചെലവ് പൊതുമരാമത്ത് വകുപ്പ് വഹിക്കാനുള്ള എസ്റ്റിമേറ്റും അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇനി എന്ന് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് റോഡ് വികസനം നടപ്പിലാക്കുമെന്ന് ഒരു നിശ്ചയവുമില്ല. ഇടുങ്ങിയ റോഡും അതിലേക്ക് തള്ളിനില്‍ക്കുന്ന നിര്‍മാണങ്ങളും ഗതാഗത കുരുക്കിന് കാരണമാകുന്നു.
വണ്‍വേ സംവിധാനവും മാളയില്‍ ഇത് വരെ നടപ്പായില്ലെന്ന് ആക്ഷേപമുണ്ട്. ഒരിക്കല്‍ നടപ്പിലാക്കിയ വണ്‍വേ സമ്പ്രദായത്തിന് ഒരു ദിവസത്തെ ആയുസ് മാത്രമാണ് ഉണ്ടായത്. ഒരു വിഭാഗത്തിന്‍റെ എതിര്‍പ്പിനൊപ്പം അധികൃതര്‍ നിന്നപ്പോള്‍ വണ്‍വേ സമ്പ്രദായം നടപ്പാക്കിയത് പൊളിഞ്ഞു. മാള ടൗണില്‍ ഒരു ഭാഗത്ത് മാത്രമാണ് വികസനം നടപ്പിലാക്കാന്‍ കഴിഞ്ഞത്. പോസ്റ്റ് ഓഫീസ് റോഡിലും കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതുസ്ഥലത്തെ കൊടികളും ബോര്‍ഡുകളും സ്തൂപങ്ങളും പൊതുമരാമത്ത് വകുപ്പ് നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സര്‍വേ നടത്തുന്നതിനുള്ള ആവശ്യം ഇപ്പോഴും ഫയലില്‍ വിശ്രമത്തിലാണ്.