മുല്ലപ്പെരിയാർ: എസ്ഡിപിഐ ജനജാഗ്രതാ ദിനമായി ആചരിച്ചു
ആലുവ ഗാന്ധി പ്രതിമക്ക് മുന്നിൽ നടന്ന ജനജാഗ്രതാ ദിനാചരണ സദസ്സ് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അഡ്വ. എഎ.റഹീം ഉദ്ഘാടനം ചെയ്തു.
കൊച്ചി: മധ്യകേരളത്തിലെ അമ്പത് ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയായ മുല്ലപ്പെരിയാർ ഡാം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എസ്ഡിപിഐ എറണാകുളം ജില്ലയിൽ ജനജാഗ്രതാ ദിനമായി ആചരിച്ചു. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന പരിപാടികളിൽ സ്ത്രീകളുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ആലുവ ഗാന്ധി പ്രതിമക്ക് മുന്നിൽ നടന്ന ജനജാഗ്രതാ ദിനാചരണ സദസ്സ് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അഡ്വ. എഎ.റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് അജ്മൽ കെ മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലത്തീഫ് കോമ്പാറ, ജില്ലാ ട്രഷറർ നാസർ എളമന, ഷാനവാസ് പുതുക്കാട് എന്നിവർ പങ്കെടുത്തു. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചിട്ട് 125 വർഷം പൂർത്തിയാകുന്നതിൻ്റെ ഭാഗമായാണ് എസ്ഡിപിഐ ജനജാഗ്രതാ ദിനമായി ജില്ലയിൽ ആചരിച്ചത്.
ലോകത്തൊരിടത്തും ഇത്രയധികം കാലപ്പഴക്കമുള്ള ഡാം നിലനിൽക്കുന്നില്ലെന്നും ജനലക്ഷങ്ങളുടെ തലയിൽ തൂങ്ങി നിൽക്കുന്ന ജലബോംബാണ് യഥാർത്ഥത്തിൽ മുല്ലപ്പെരിയാർ ഡാമെന്നും ഉദ്ഘാടന പ്രസംഗത്തിൽ റഹിം പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ബാധ്യതയിൽ നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒളിച്ചോടുകയാണെന്ന് അദ്ദേഹംആരോപിച്ചു. തമിഴ്നാടിന്റെ ഭീഷണിക്കുമുമ്പിൽ മുട്ടു മടക്കാതെ മുല്ലപ്പെരിയാർ ഡാമിന്റെ പുനർനിർമാണം ഉടൻ ആരംഭിക്കാൻ നിയമനിർമാണം നടത്തണമെന്ന് ജനജാഗ്രതാ ദിനത്തിലൂടെ എസ്ഡിപിഐ ആവശ്യപ്പെട്ടു.