മാട്ടൂല്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുക: എസ്ഡിപിഐ
ജനങ്ങളെ സേവിക്കാൻ ബാധ്യസ്ഥനായ ഉദ്യോഗസ്ഥൻ തന്റെ ഉത്തരവാദിത്വത്തിൽ വീഴ്ച്ച വരുത്തി
കണ്ണൂർ: മത്സ്യ തൊഴിലാളികളായ പാവങ്ങള്‍ക്ക് വേണ്ടിയുള്ള ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ അപേക്ഷകള്‍ എടുക്കാന്‍ പഞ്ചായത്ത് ഓഫിസിലെത്തിയ മാട്ടൂല്‍ പത്താം വാര്‍ഡ് മെംബര്‍ കെ കെ അനസിനോട് മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയും ചെയ്ത മാട്ടൂല്‍ പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാറിനെതിരേ വകുപ്പുതല അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കല്യാശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കൊവിഡ് -19ന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിച്ചും എല്ലാ മുന്‍കരുതലോടും കൂടിയാണ് പത്താം വാര്‍ഡ് മെമ്പറും എസ്ഡിപിഐ കല്യാശേരി മണ്ഡലം പ്രസിഡന്റുമായ കെകെ അനസ് പഞ്ചായത്ത് ഓഫിസില്‍ എത്തിയിരുന്നത്. എന്നാല്‍, സെക്രട്ടറി ധിക്കാര പൂര്‍വ്വം പെരുമാറുകയും പൊതുജന മധ്യത്തില്‍ വച്ച് വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും ദേഹത്ത് പിടിച്ച് തള്ളുകയുമായിരുന്നു. സെക്രട്ടറിയുടെ ക്രിമിനല്‍ സ്വഭാവത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ജനങ്ങളെ സേവിക്കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥന്‍ തന്റെ ഉത്തരവാദിത്വത്തില്‍ വീഴ്ച്ച വരുത്തിയപ്പോള്‍ ജനാധിപത്യ രീതിയില്‍ ചോദ്യം ചെയ്ത ജനപ്രതിനിധിക്കെതിരേ സെക്രട്ടറി നടത്തിയ കൈയേറ്റശ്രമം അങ്ങേയറ്റം അപലപനീയമാണ്. അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് ജനപ്രതിനിധിയുടെ സേവനങ്ങളെയും പൊതുജനങ്ങളുടെ അവകാശത്തെയും തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ച സെക്രട്ടറിയുടെ നടപടിക്കെതിരേ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കും.
സെക്രട്ടറിയുടെ നടപടിയില്‍ പൊതുജനങ്ങളും എസ്ഡിപിഐയും പ്രതിഷേധവുമായി രംഗത്ത് വന്നത് പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും വലിയതോതില്‍ ചര്‍ച്ചയായപ്പോള്‍ ജനരോഷം ഭയന്ന് പുതിയ കള്ളക്കഥ ഉണ്ടാക്കി തടിയൂരാനുള്ള സെക്രട്ടറിയുടെ ശ്രമത്തിന്റെ ഭാഗമാണ് വാര്‍ഡ് മെംബര്‍ അനസിനും ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള ദുരാരോപണവും കള്ളക്കേസും. എന്നാല്‍ മാട്ടൂലിലെ നല്ലവരായ പൊതുസമൂഹം സത്യത്തിന്റെ കൂടെ നിലകൊള്ളുമെന്ന പൂര്‍ണ്ണ വിശ്വാസം പാര്‍ട്ടിക്കുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്കെതിരേ പഴയങ്ങാടി സിഐയ്ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. സെക്രട്ടറിയുടെ നടപടിക്കെതിരേ കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനും പാര്‍ട്ടി മണ്ഡലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. കള്ളക്കേസ് കൊണ്ടും ദുരാരോപണങ്ങളിലൂടെയും ഉദ്യോഗസ്ഥരുടെ വീഴ്ച മറച്ചുവയ്ക്കാമെന്ന മോഹം നടപ്പാവില്ലെന്നും എസ്ഡിപിഐ. കല്യാശ്ശേരി മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.