ഭക്ഷ്യ സുരക്ഷാ പ്രശ്‌നം: ആദിവാസി കോളനി ഭക്ഷ്യ കമ്മീഷന്‍ സന്ദര്‍ശിച്ചു
പാണമ്പി ഇടിഞ്ഞാടി ആദിവാസി കോളനിയിലെ ദുരിതാവസ്ഥയെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം അടിയന്തിരമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വി.രമേശന്‍ കോളനി സന്ദര്‍ശിച്ചത്.
പെരിന്തല്‍മണ്ണ: അമ്മിണിക്കാടന്‍ മലയിലെ പാണമ്പി ഇടിഞ്ഞാടി ആദിവാസി കോളനി സംസ്ഥാന ഭക്ഷ്യ കമ്മീഷനും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. പാണമ്പി ഇടിഞ്ഞാടി ആദിവാസി കോളനിയിലെ ദുരിതാവസ്ഥയെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം അടിയന്തിരമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വി.രമേശന്‍ കോളനി സന്ദര്‍ശിച്ചത്.
കോളനി നിവാസികള്‍ അവരുടെ പ്രയാസങ്ങള്‍ സംഘത്തോട് വിവരിച്ചു. റേഷന്‍ അരിയും സാധനങ്ങളും ഇത്രയും ദൂരം തലചുമടായി കൊണ്ടു പോകുന്ന പ്രശ്‌നം പരിഹരിക്കാനായി മാസത്തില്‍ രണ്ട് തവണ കോളനിക്ക് സമീപം റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കാന്‍ കഴിയുമെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡില്ലാത്ത ഇടിഞ്ഞാടി നീലിയ്ക്ക് അടുത്ത ദിവസം തന്നെ കാര്‍ഡ് വിതരണം ചെയ്യും.
വീടുകളുടെ ശോചനീയാവസ്ഥ താല്‍കാലികമായി പരിഹരിക്കാന്‍ വാസയോഗ്യമായ ഷെഡുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ജനകീയ കൂട്ടായ്മയിലൂടെ ഉടന്‍ തന്നെ ശ്രമിയ്ക്കുമെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വള്ളൂരാന്‍ ഹനീഫ പറഞ്ഞു.
ഗര്‍ഭിണികള്‍ക്കും, പാലൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരം ഉറപ്പുവരുത്തുന്നതോടൊപ്പം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ സമൂഹ അടുക്കള സ്ഥാപിക്കുന്നതാണെന്ന് വനിത ശിശു വകുപ്പ് ജില്ലാ ഓഫീസര്‍ ടി. ഹഫ്‌സത്ത് അറിയിച്ചു.
വിവിധ വകുപ്പുകളുടെ സഹായത്തോടെ സ്ഥിരമായ പരിഹാരം കാണുന്നതിന് ശ്രമിയ്ക്കുമെന്നും, സംസ്ഥാനത്തെ വിവിധ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഈ പ്രശ്‌നങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യ കമ്മീഷന്‍ അംഗം വി രമേശന്‍ പറഞ്ഞു.
വനിതശിശു വകുപ്പ് ജില്ലാ ഓഫിസര്‍ ടി ഹഫ്‌സത്ത്, പ്രൊജക്ട് ഓഫിസര്‍ ജയകുമാരി, സൂപ്പര്‍വൈസര്‍ സ്വപ്ന, സിവില്‍ സപ്ലൈസ് വകുപ്പിലെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ പ്രകാശ്, ദീപ, രഞ്ജിത്ത്, പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ പി സലിം, ഫോറസ്റ്റ് ഓഫിസര്‍മാരായ കൈലാസ് കെ കെ, അഷറഫലി പി എം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ വള്ളൂരാന്‍, കെ പി അനീഷ്, കെ ജി ജീഷ്, ഉണ്ണി പാര്‍വ്വതി എന്നിവരും സംഘത്തിലുണ്ടായിരുന്നു.