ഫ്രീഡം സ്‌ക്വയര്‍ സമര്‍പ്പണം നവംബർ 29ന് റമീസ് മുഹമ്മദ് നിര്‍വഹിക്കും
എടക്കുളത്തും പരിസര പ്രദേശങ്ങളിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ സമരത്തിലെ രക്തസാക്ഷികളുടെയും പോരാളികളുടേയും നാമങ്ങളും ചരിത്ര സംഭവങ്ങളും ആലേഖനം ചെയ്ത ശിലാഫലകം ഉള്‍കൊള്ളുന്നതാണ് "ഫ്രീഡം സ്‌ക്വയര്‍".
തിരുനാവായ: മലബാര്‍ സമരാനുസ്മരണ സമിതി തിരുനാവായ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ എടക്കുളം ജുമാമസ്ജിദിന് സമീപം സ്ഥാപിച്ച "ഫ്രീഡം സ്‌ക്വയര്‍" നവംബർ 29 (തിങ്കള്‍)ന് വൈകീട്ട് അഞ്ച് മണിക്ക് നാടിന് സമര്‍പ്പിക്കും. ഫ്രീഡം സ്‌ക്വയര്‍ സമര്‍പ്പണം ഗ്രന്ഥകാരനും തിരക്കഥാകൃത്തുമായ റമീസ് മുഹമ്മദ് നിര്‍വഹിക്കും.
എടക്കുളത്തും പരിസര പ്രദേശങ്ങളിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ സമരത്തിലെ രക്തസാക്ഷികളുടെയും പോരാളികളുടേയും നാമങ്ങളും ചരിത്ര സംഭവങ്ങളും ആലേഖനം ചെയ്ത ശിലാഫലകം ഉള്‍കൊള്ളുന്നതാണ് "ഫ്രീഡം സ്‌ക്വയര്‍". മലബാര്‍ സമര പോരാളികളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'മലബാര്‍ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന പ്രമേയത്തില്‍ മലബാര്‍ അനുസ്മരണ സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഫ്രീഡം സ്‌ക്വയര്‍ സ്ഥാപിക്കുന്നത്.
മലബാര്‍ സമര അനുസ്മരണ സമിതി സംസ്ഥാന കണ്‍വീനറും ഗ്രന്ഥകാരനുമായ സി അബ്ദുല്‍ ഹമീദ് മുഖ്യാതിഥിയാവും. തിരുനാവായ ചാപ്റ്റര്‍ ചെയര്‍മാന്‍ അവറാങ്കല്‍ മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കോഴിക്കോട് അതിജീവന കലാ സംഘത്തിന്റെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന '"ചോരപൂത്ത പടനിലങ്ങള്‍" എന്ന' ചരിത്ര ദൃശ്യാവിഷ്‌ക്കാരവും വിപ്ലവ ഗാനസന്ധ്യയും അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ അവറാങ്കല്‍ മൊയ്തീന്‍ കുട്ടി, കണ്‍വീനര്‍മാരായ, സി വി ഹംസ, എന്‍ പി ശരീഫ്, സമിതി അംഗം സി ടി ശരീഫ് എന്നിവർ പങ്കെടുത്തു.