ചരിത്രം തിരുത്തിയെഴുതാനുള്ള നീക്കം ആപല്‍കരം: കെഎടിഎഫ്

ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ വെള്ളപൂശാനും മഹത്വം കരിക്കാനും നടക്കുന്ന ഹീനമായ ശ്രമങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

Update: 2021-08-29 14:57 GMT

പെരിന്തല്‍മണ്ണ: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ അടക്കം 387 ധീര ദേശാഭിമാനികളെ ഒഴിവാക്കി രക്തസാക്ഷി നിഘണ്ടു തയ്യാറാക്കുന്ന ഐസിഎച്ച്ആര്‍ നടപടി ചരിത്രം തിരുത്തി എഴുതാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും ജനാധിപത്യ മതേതര ശക്തികള്‍ ഇതിനെതിരേ ശക്തമായി പ്രതികരിച്ചില്ലെങ്കില്‍ ഇന്ത്യാ ചരിത്രം മറ്റൊന്നായി മാറാന്‍ അധികം താമസിക്കേണ്ടിവരില്ലെന്നും കെഎടിഎഫ് ഉപജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ വെള്ളപൂശാനും മഹത്വം കരിക്കാനും നടക്കുന്ന ഹീനമായ ശ്രമങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ഗ്രന്ഥകാരനും കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ഡോ. ഷംസുദ്ധീന്‍ തിരൂര്‍ക്കാട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ ട്രഷറര്‍ സിഎച്ച് അബ്ദുല്‍ ഷമീര്‍ അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം ഉസ്മാന്‍ താമരത്ത് മുഖ്യാതിഥിയായി എത്തി. സംഘപരിവാര്‍ നാഗ്പൂരില്‍ നിന്നും കൊടുത്തു വിടുന്നവ മാത്രം ചരിത്ര രേഖകളാക്കി മാറ്റാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ കുറച്ച് കാലമായി നടക്കുന്നുണ്ടെന്നും, സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ഉള്‍പെടെ തിരുത്തി എഴുതാനുള്ള ശ്രമങ്ങള്‍ എമ്പാടും നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കെഎടിഎഫ് സംസ്ഥാന സമിതിഅംഗം ഹുസൈന്‍ പാറല്‍ മുഖ്യപ്രഭാഷണം നടത്തി.സബ് ജില്ലാ കമ്മറ്റി അംഗങ്ങളായ മുസ്തഫ കട്ടുപ്പാറ, പി പി സക്കീര്‍ ഹുസൈന്‍, നൗഫല്‍ നസീര്‍, മുഹ്‌സിന്‍ അഹമ്മദ്, അന്‍വര്‍ ഷമീം തങ്ങള്‍, എ ഫൈസല്‍ ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു.

Similar News