രേഷ്മയുടെയും ആകാശിന്റേയും സമയോജിത ഇടപെടൽ രണ്ട് ജീവനുകൾ തിരിച്ചുകിട്ടി
ക്യാപ്റ്റൻ രേഷ്മയുടെ കർമ്മനിരതമായ ഇടപെടൽ മൂലം അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.
കൊല്ലം: വീട്ടിൽ സുഖപ്രസവം കഴിഞ്ഞ അമ്മയ്ക്കും കുഞ്ഞിനും സഹായവുമായി സൈനിക നഴ്സും ആംബുലൻസ് ഡ്രൈവറും. കൈതോട് സ്വദേശിയായ ഇരുപത്തിയാറു വയസുള്ള ബദരിയ കഴിഞ്ഞ ദിവസം കുടുംബ വീട്ടിൽ കുഞ്ഞിന് ജൻമം നൽകിയെങ്കിലും പൊക്കിൾകൊടി അറുത്തുമാറ്റിയത് സൈനിക നഴ്സായിരുന്നു.
രാത്രി പ്രസവ വേദനയെ തുടർന്ന് വീട്ടുകാർ ആംബുലൻസ് വിളിച്ചു. ആംബുലൻസ് എത്തും മുന്നേ യുവതി കുട്ടിക്ക് ജന്മം നൽകി. വിവരം അറിഞ്ഞ ആംബുലൻസ് ഡ്രൈവർ ആകാശ് ഉടൻ തന്നെ ബന്ധുവായ ആർമി നഴ്സ് കീരിപുരത്തെ രേഷ്മയെ വിവരം അറിയിച്ചു. കുഞ്ഞിനും അമ്മയ്ക്കും തുണയായി എത്തിയത് അവധിക്ക് നാട്ടിൽ എത്തിയ രേഷ്മയാണ്.
രേഷ്മയെത്തി തന്റെ കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് പൊക്കിൾകൊടി മുറിച്ചു മാറ്റിയാണ് അമ്മയേയും കുഞ്ഞിനേയും രക്ഷിച്ചത്. പൊക്കിൾകൊടി അറുത്തുമാറ്റിയാൽ കെട്ടേണ്ട കങ്കൂസ് നൂൽ പ്രദേശവാസികളിൽ ഒരാൾ പെട്ടെന്ന് സംഘടിപ്പിച്ചു നൽകി. ഇവർ പൊക്കിൾകൊടി ബന്ധം വേർപെടുത്തി കങ്കൂസ് നൂൽ കൊണ്ട് കെട്ടി ആംബുലൻസിൽ അമ്മയെയും കുഞ്ഞിനെയും കയറ്റിവിടുകയാണ് ഉണ്ടായത്.
ക്യാപ്റ്റൻ രേഷ്മയുടെ കർമ്മനിരതമായ ഇടപെടൽ മൂലം അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. സംഭവം അറിഞ്ഞ് ആശംസ പ്രവാഹമാണ് രേഷ്മയെ തേടിയെത്തുന്നത്. എന്നാൽ വീട്ടിൽ വച്ച് പ്രസവിച്ചത് കൊല്ലം താലൂക്ക് ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്ന് ബദരിയയുടെ കുടുംബം ആരോപിച്ചു.