മലപ്പുറം പാണ്ടിക്കാട് പതിനാറു കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
പുഴക്കാട്ടിരി മണ്ണുംകുളം സ്വദേശി ചെമ്മല സുരേഷ് (52), രാജസ്ഥാൻ സ്വദേശി ഉദയ് സിങ്(30) എന്നിവരാണ് പിടിയിലായത്.
മലപ്പുറം: പിടിയിലായത് രാജസ്ഥാൻ സ്വദേശിയുൾപ്പടെ രണ്ടുപേർ. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നും ഇതരസംസ്ഥാന തൊഴിലാളികൾ മുഖേന വൻതോതിൽ കഞ്ചാവ് ട്രയിൻ മാർഗ്ഗം കേരളത്തിലേക്ക് എത്തുന്നതായി ജില്ലാ പോലിസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടു പേർ അറസ്റ്റിലാകുന്നത്.
ഇത്തരത്തിലെത്തുന്ന കഞ്ചാവ് ആവശ്യക്കാർക്ക് വിലപറഞ്ഞുറപ്പിച്ച് പറയുന്ന സ്ഥലത്തേക്ക് എത്തിച്ചുകൊടുക്കുന്നതാണ് രീതി. ഇതരസംസ്ഥാന തൊഴിലാളികളുൾപ്പടെയുള്ള വൻ കഞ്ചാവു മാഫിയാ സംഘം ഇതിനായി പ്രവർത്തിക്കുന്നു. പുഴക്കാട്ടിരി മണ്ണുംകുളം സ്വദേശി ചെമ്മല സുരേഷ് (52), രാജസ്ഥാൻ സ്വദേശി ഉദയ് സിങ്(30) എന്നിവരാണ് പിടിയിലായത്.
ബിഹാർ, ഒഡീഷ, സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്കുവരുന്ന ഇതര സംസ്ഥാനത്തൊഴിലാളികൾക്ക് കമ്മീഷൻ വ്യവസ്ഥയിൽ വില പറഞ്ഞുറപ്പിച്ചാണ് ബാഗുകളിലും മറ്റും ഒളിപ്പിച്ച് കേരളത്തിലെത്തിച്ച് ഇവരുടെ വാടക ക്വാർട്ടേഴ്സുകളിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് കിലോഗ്രാമിന് 30000 മുതൽ 35000 രുപ വരെ വിലയിട്ട് ആവശ്യക്കാർക്ക് എത്തിക്കലാണ് പതിവ്. ഈ സംഘത്തിലെ പ്രധാനികളാണ് ഇവർ.