സമ്പൂർണ്ണ മാലിന്യമുക്ത വടകര; പദ്ധതി വിജയത്തിനായി എല്ലാ ജനങ്ങളും കൈകോർക്കണം: എസ്ഡിപിഐ

ഈ ഒരു ആശയം മുറുകെ പിടിച്ച് സ്മ്പൂർണ മാലിന്യ മുക്ത വടകരയ്ക്കായി നമുക്ക് ഒരുമിച്ച് കൈകോർക്കണമെന്നും, നിലവിൽ സംക്രമിക രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും ബാധ്യതയും നമ്മുടെ വീടും പരിസരവും വൃത്തിയാക്കുകയെന്നത് ഓരോ പൗരന്റെയും കടമയുമാണ്.

Update: 2021-09-05 12:07 GMT

വടകര: ഒക്ടോബർ 2 ന് പ്രഖ്യാപിക്കുന്ന "സമ്പൂർണ്ണ മാലിന്യ മുക്ത " വടകര എന്ന പദ്ധതി വിജയിപ്പിക്കാനായി നഗരസഭയോടൊപ്പം എല്ലാ പൊതുജനങ്ങളും പങ്കുചേരണമെന്നും, പദ്ധതിക്ക് സർവ്വ പിന്തുണ നൽകുന്നതായും എസ്ഡിപിഐ വടകര മുനിസിപ്പൽ കമ്മിറ്റി പ്രസ്താവിച്ചു. 2018 മുതൽ വളരെ ക്രിയാത്മകമായ രീതിയിൽ മാലിന്യം നിർമ്മാർജനം ചെയ്യാൻ വടകര നഗരസഭ കാണിച്ച പ്രവർത്തനം മാതൃകയാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഈ വരുന്ന ഒക്ടോബർ 2ന് നൂറ് ശതമാനം മാലിന്യ മുക്ത വടകരയാകാൻ പോവുകയാണ്. സർവ്വ ജീവജാലങ്ങൾക്കും ആവശ്യമായത് നൽകിയാണ് ഭൂമിയെ വിതാനിച്ചിട്ടുള്ളത്. എന്നാൽ മനുഷ്യൻ ഒഴികെയുള്ള ജീവനുകൾ ഭൂമിയോട് നീതി പുലർത്തുമ്പോൾ, തന്റെ ഇഛകൾക്കുമപ്പുറം ഭൂമിയെ ഉപയോഗപ്പെടുത്തി നാശത്തിന്റെ വക്താക്കളായി മനുഷ്യൻ മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് സത്യം. ഒരു തലമുറ ഇവിടെ വളർന്നു വരുന്നുണ്ട്. കഴിഞ്ഞു പോയ നശിപ്പിക്കലിന്റെ കഥകൾ മറന്നു കൊണ്ട് പുതിയ തലമുറയെയെങ്കിലും ഭൂമിയോട് നീതിയായുള്ളവരായി ഇവിടം വസിക്കട്ടെ. വരും തലമുറയെ ജീവിപ്പിക്കാനും, അവർക്ക് പ്രകൃതിയെ ലാഭേഛകൾക്കപ്പുറം, പ്രകൃതിയെ സൗഹൃദ സമീപനമാക്കി മാറ്റാൻ ഇന്നേ നമ്മൾ തുടങ്ങേണ്ടതുണ്ട്.

ഈ ഒരു ആശയം മുറുകെ പിടിച്ച് സ്മ്പൂർണ മാലിന്യ മുക്ത വടകരയ്ക്കായി നമുക്ക് ഒരുമിച്ച് കൈകോർക്കണമെന്നും, നിലവിൽ സംക്രമിക രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും ബാധ്യതയും നമ്മുടെ വീടും പരിസരവും വൃത്തിയാക്കുകയെന്നത് ഓരോ പൗരന്റെയും കടമയുമാണ്. അത് കൊണ്ട് തന്നെ ഇത്തരം പദ്ധതി വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണ്.അത് മുൻനിർത്തി കൊണ്ടാണ് എസ്ഡിപിഐ ഇതിന്ന് സർവ്വ പിന്തുണയും കൊടുക്കുന്നത്.

മുനിസിപ്പൽ പ്രസിഡന്റ്‌ സിദ്ധീഖ് പുത്തൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി ഷാജഹാൻ കെ വി പി, മണ്ഡലം ട്രഷറർ നിസ്സാം പുത്തൂർ, വാർഡ് കൗൺസിലർ ഹകീം പി എസ്,സമദ് മാകൂൽ, നൂർജഹാൻ, സാജിദ് കെ വി പി, ഷക്കീർ പി എസ്, റിയാസ് മുഖച്ചേരി എന്നിവർ പങ്കെടുത്തു. മുനിസിപ്പൽ സെക്രട്ടറി മഷ്ഹൂദ് കെ പി സ്വാഗതവും ഗഫൂർ പുതുപ്പണം നന്ദിയും പറഞ്ഞു.

Similar News