കോഴിക്കോട് വലിയങ്ങാടി ക്ലസ്റ്ററായി പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ചു

പരിശോധനയുടെ നിരക്ക് പരമാവധി കൂട്ടുന്നതിനും പ്രാഥമിക ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവ പൂര്‍ണ്ണമായും നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധിക്കുന്നതിനും തീരുമാനിച്ചു.

Update: 2020-08-11 15:09 GMT

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടി ക്ലസ്റ്ററായി പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ചു. വലിയങ്ങാടി മേഖലയില്‍ യാതൊരു കാരണവശാലും ആള്‍ക്കൂട്ടം അനുവദിക്കുന്നതല്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍  ചൊവ്വാഴ്ച്ച നടന്ന യോഗത്തിൽ തീരുമാനമായി.

പരിശോധനയുടെ നിരക്ക് പരമാവധി കൂട്ടുന്നതിനും പ്രാഥമിക ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവ പൂര്‍ണ്ണമായും നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധിക്കുന്നതിനും തീരുമാനിച്ചു. പോലിസിന്റെ സാന്നിധ്യം കൂട്ടി പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും പാലിക്കാത്ത പക്ഷം നിയമനടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

പ്രോട്ടോക്കോള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനും പ്രോട്ടോക്കോള്‍ പാലിക്കാത്ത തൊഴിലാളികളുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദ് ചെയ്യുന്നതിനും ലേബര്‍ ഓഫീസര്‍ക്ക് ശുപാര്‍ശ ചെയ്യുന്നതിനും നഗരസഭയെ ചുമതലപ്പെടുത്തി. പുറത്ത് നിന്ന് വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും വിശ്രമിക്കുന്നതിനായി പ്രത്യേക മുറി സൗകര്യപ്പെടുത്തുന്നതിന് ഫുഡ് ഗ്രൈന്‍സ് മര്‍ച്ചന്റ്‌സ് അസോസിയേഷനെ ചുമതലപ്പെടുത്തി.

ഇതിന്റെ പട്ടിക ഇന്ന് തന്നെ നഗരസഭക്ക് കൈമാറുന്നതിനും ആരോഗ്യ വിഭാഗവും പോലിസും പരിശോധിച്ച് ഇത് നിശ്ചിത നിലവാരം ഉള്ളതാണെന്ന് ഉറപ്പാക്കുന്നതിനും തീരുമാനിച്ചു. പ്രസ്തുത സൗകര്യം ബന്ധപ്പെട്ട എല്ലാ ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും അറിയിക്കുന്നതിന് ഫുഡ് ഗ്രൈന്‍സ് മര്‍ച്ചന്റ്‌സ് അസോസിയേഷനെ ചുമതലപ്പെടുത്തി.

വലിയങ്ങാടിയില്‍ നിന്നും യാതൊരു കാരണവശാലും വ്യക്തികള്‍ക്ക് ചില്ലറ വില്പന പ്രകാരം സാധനങ്ങള്‍ നല്‍കരുതെന്നും അത്തരത്തില്‍ വ്യക്തികള്‍ക്ക് സാധനങ്ങള്‍ വില്‍ക്കുന്ന പക്ഷം ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനും നഗരസഭയെ ചുമതലപ്പെടുത്തി.

ഈ മേഖലയില്‍ തിരക്ക് കുറക്കുന്നതിന് ഒരു ദിവസം ലോഡിങ്, അടുത്ത ദിവസം അണ്‍ലോഡിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതനുസരിച്ച് ഒരു ദിവസം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സാധനസാമഗ്രികള്‍ ഇറക്കുന്നതിനും അടുത്ത ദിവസം ചെറുകിട വ്യാപാരികള്‍ക്ക് സാധനങ്ങള്‍ നല്‍കുന്നതിനും ആയതിനുള്ള സംവിധാനം ഒരുക്കുന്നതിനും ഫുഡ് ഗ്രൈയിന്‍സ് മര്‍ച്ചന്റ്‌സ് അസോസിയേഷനെയും തൊഴിലാളി സംഘടനകളെയും ചുമതലപ്പെടുത്തി.

സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ സാധനം ഇറക്കി അന്നേ ദിവസം തന്നെ തിരിച്ചു പോകണമെന്നും യാതൊരു കാരണവശാലും അടുത്ത ദിവസം വാഹനം നഗരസഭ പരിധിയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും തീരുമാനിച്ചു. ഇതിനായി വരുന്ന ദിവസം, സാധനങ്ങള്‍ ഇറക്കുന്ന ദിവസം, സമയം എന്നിവ കാണിച്ച് വണ്ടികള്‍ക്ക് പാസ് നല്‍കണമെന്നും ബന്ധപ്പെട്ട വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വണ്ടികള്‍ സാധനങ്ങള്‍ ഇറക്കിയതിന് ശേഷം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ലോറി ബുക്കിങ് ഏജന്റ്മാര്‍ക്ക് എതിരെയും നടപടികള്‍ സ്വീകരിക്കും.

കുറ്റിച്ചിറ മേഖലയില്‍ നിലവിലുള്ള കണ്ടൈന്‍മെന്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കി. ജനങ്ങളെ പൂര്‍ണ്ണമായും ബോധവാന്മാരാക്കി സെല്‍ഫ് കണ്ടെയ്ന്‍ഡ് ആക്കുന്നതിന് ആവശ്യമായ ബോധവത്ക്കരണം നടത്തുന്നതിന് റസിഡന്റ്‌സ് അസോസിയേഷനെ ചുമതലപ്പെടുത്തി.

പരിശോധനക്ക് വിധേയമാകുന്നതിന് തടസ്സം പറയുന്നവര്‍, രോഗം ബാധിച്ച് ആശുപതികളിക്ക് പോകുന്നതിന് തടസ്സം ഉന്നയിക്കുന്നവര്‍ തുടങ്ങിയവരെ ബോധവത്ക്കരണത്തില്‍ കൂടി ബോധവാന്മാരാക്കുന്നതിന് റസിഡന്റ്‌സ് അസോസിയേഷനെ ചുമതലപ്പെടുത്തി.

ട്രേഡ് യൂനിയന്‍ തൊഴിലാളികള്‍, സ്ഥാപനത്തില്‍ കച്ചവടക്കാര്‍, പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്ക് ശരിയായ രീതിയിലുള്ള ബോധവത്ക്കരണം നടത്തുന്നതിന് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി.

ക്ലസ്റ്റര്‍ മേഖലാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമായി ഒരു മോണിറ്ററിംഗ് കമ്മറ്റി രൂപികരിക്കുന്നതിന് തീരുമാനിച്ചു. ബന്ധപ്പെട്ട കൗണ്‍സിലര്‍മാര്‍, രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍, തൊഴിലാളി സംഘടനാ ഭാരവാഹികള്‍, കച്ചവട സ്ഥാപന പ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന സമിതിക്ക് രൂപം നല്‍കി. ഇതിന്റെ ആദ്യയോഗം നാളെ രാവിലെ 10 മണിക്ക് നടത്തുന്നതിന് തീരുമാനിച്ചു.

Similar News