വയനാട്ടില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തി
വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് അത് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.
കല്‍പറ്റ: കുറുക്കന്‍മൂല കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ നടത്തി. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് വാക്‌സിന്‍ വിതരണം നടത്തുന്നത്. വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് അത് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പ്രകാരം പോലിസ് ഐഡി കാര്‍ഡ് പരിശോധിച്ച് രജിസ്റ്റര്‍ ചെയ്ത ആളുടെ ഐഡന്റിറ്റി ഉറപ്പുവരുത്തിയ ശേഷമാണ് വാക്‌സിനേഷന്‍ സൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
വെയിറ്റിങ് റൂമില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് ഇരിപ്പിടം അനുവദിക്കുകയും അവിടെ നിന്ന് ഓരോരുത്തരെ വാക്‌സിനേഷന്‍ റൂമിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യുന്നു. വാക്‌സിന്‍ നല്‍കിയശേഷം നിരീക്ഷണ മുറിയില്‍ അരമണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം മാത്രമേ പുറത്തേക്ക് പോകാന്‍ അനുവദിക്കുകയുള്ളൂ.
പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആന്‍സി മേരി ജേക്കബ്, വാക്‌സിനേഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.ടി.പി. അഭിലാഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, ആയുര്‍വേദ ഹോമിയോ ജില്ലാമെഡിക്കല്‍ ഓഫീസര്‍മാര്‍, പോലിസ് ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പിലെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, കുറുക്കന്‍മൂല ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടോജോ പി ജോയ്, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.