കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിൽ ഇന്ന് ശുചിത്വ ഹർത്താൽ
പഞ്ചായത്തിലെ മുഴുവൻ വീടുകൾ, കടകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബന്ധപ്പെട്ടവർ പരിസര ശുചീകരണം നടത്തണം.
വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി പഞ്ചായത്തിൽ ശനിയാഴ്ച ഡെങ്കിപ്പനിക്കെതിരേ ശുചിത്വ ഹർത്താൽ നടത്തുന്നു. പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ വീണ്ടും ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിലാണ് ഉറവിട നശീകരണ പ്രവർത്തനങ്ങൾ വ്യാപകമാക്കുന്നതിനായി ഹർത്താൽ നടത്തുന്നത്.
പഞ്ചായത്തിലെ മുഴുവൻ വീടുകൾ, കടകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബന്ധപ്പെട്ടവർ പരിസര ശുചീകരണം നടത്തണം. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാരി സംഘടനകൾ, വാർഡ് സാനിറ്റേഷൻ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൂർണ്ണമായും കൊവിഡ് 19 പ്രോട്ടോകോൾ പാലിച്ചാണ് ശുചീകരണം. ഏവരുടേയും സഹകരണം ഉണ്ടാവണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജൻ അഭ്യർഥിച്ചു.