സംസ്ഥാന സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരേ യൂത്ത് ലീഗ് കൃഷി ഓഫീസിലേക്ക് മാർച്ച് നടത്തി
യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതിയായിരുന്നു കർഷകരുടെ സൗജന്യ വൈദ്യുതി കണക്ഷൻ. ഇത് പ്രകാരം പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 153 കൃഷിക്കാർക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നു.
പരപ്പനങ്ങാടി: സംസ്ഥാന സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരേ യൂത്ത് ലീഗ് കൃഷി ഓഫീസിലേക്ക് മാർച്ച് നടത്തി. ഒരു വർഷത്തിലധികമായി കർഷകരുടെ വൈദ്യുതി ബില്ല് സർക്കാർ അടക്കാത്തത് മൂലം വൈദ്യുതി കണക്ഷനുകൾ വിഛേദിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് മാർച്ച് സംഘടിപ്പിച്ചത്.
യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതിയായിരുന്നു കർഷകരുടെ സൗജന്യ വൈദ്യുതി കണക്ഷൻ. ഇത് പ്രകാരം പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 153 കൃഷിക്കാർക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. പക്ഷേ ഒരു വർഷത്തിലധികമായി വൈദ്യുതി ബില്ല് സർക്കാർ കുടിശ്ശിക വരുത്തിയിരിക്കുകയാണ്. സർക്കാരിൽ നിന്ന് പണം ലഭിക്കാത്തത് കാരണമാണ് വൈദ്യുതി ബില്ല് അടക്കാൻ കഴിയാത്തതെന്ന മറുപടിയാണ് കൃഷി ഓഫീസിൽ നിന്നും ലഭിക്കുന്നത്.
കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി കെകെ നഹാ മാർച്ച് ഉദ്ഘാടനം ചെയ്തു. പി പി ഷാഹുൽ ഹമീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഉമ്മർ ഒട്ടുമ്മൽ മുഖ്യ പ്രഭാഷണം നടത്തി. എത്രയും വേഗം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വരും ദിനങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.