വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം; സര്‍ക്കാര്‍ ഓഫിസിലെ സീലിങ് ഫാനുകള്‍ മാറ്റണമെന്ന പരാതിയുമായി ടിഡിപി

Update: 2019-03-15 12:44 GMT

അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ സര്‍ക്കാര്‍ ഓഫിസുകളിലെ സീലിങ് ഫാനുകള്‍ എടുത്തുമാറ്റണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതിയുമായി തെലുഗുദേശം പാര്‍ട്ടി. സീലിങ് ഫാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചിഹ്നമായതിനാല്‍ അവ സര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് ഒഴിവാക്കണമെന്നും ഇല്ലെങ്കില്‍ വോട്ടര്‍മാര്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ളതായും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലം കൂടിയായ ചിറ്റൂരിലെ രാമക്കുപ്പത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ ടിഡിപി നേതാക്കള്‍ പറയുന്നു. പരാതി സംബബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് അധികൃതര്‍ക്ക് റിപോര്‍ട്ട് കൈമാറാമെന്ന് ടിഡിപി പ്രവര്‍ത്തകര്‍ക്ക് തഹസില്‍ദാര്‍ ജനാര്‍ദനന്‍ സേട്ടി ഉറപ്പുനല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രഖ്യാപിച്ചതിനെതുടര്‍ന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ ചിത്രങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് എടുത്തുമാറ്റിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ടിഡിപി നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. ഇതിനു പിറകേയാണ് സര്‍ക്കാര്‍ ഓഫിസുകളിലെ ഫാനുകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ പരാതി.

മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ടിഡിപി പ്രാദേശിക നേതാവ് ജയശങ്കര്‍ പറഞ്ഞു. 'എല്ലാ പൊതു സ്ഥലങ്ങളില്‍ നിന്നും നേതാക്കളുടെ പ്രതിമകള്‍ നീക്കുകയും മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. അതേ ചട്ട പ്രകാരം സര്‍ക്കാര്‍ ഓഫിസുകളിലെ സീലിങ് ഫാനുകള്‍ നീക്കാനും തിരഞ്ഞെടുപ്പ് ഉദ്യോഗഗസ്ഥര്‍ തയ്യാറാവണം' ടിഡിപി പ്രവര്‍ത്തകനായ ജയശങ്കര്‍ പറയുന്നു. 

Tags:    

Similar News