ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്നു
ട്യൂഷന്‍ പഠിക്കാനായി വീട്ടില്‍നിന്ന് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാംഗഡ് പോലിസ് സ്റ്റേഷന്‍ പ്രദേശത്തെ ചിഡി ഗ്രാമത്തിന് സമീപം ഒരു മുള്‍പടര്‍പ്പിന് പിന്നില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
റാഞ്ചി: ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 12കാരിയാണ് കൊല്ലപ്പെട്ടത്. ദുംക ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് ക്രൂരകൃത്യമുണ്ടായത്. ട്യൂഷന്‍ പഠിക്കാനായി വീട്ടില്‍നിന്ന് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാംഗഡ് പോലിസ് സ്റ്റേഷന്‍ പ്രദേശത്തെ ചിഡി ഗ്രാമത്തിന് സമീപം ഒരു മുള്‍പടര്‍പ്പിന് പിന്നില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രഥമദൃഷ്ട്യാ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു. പക്ഷേ, പോസ്റ്റ്മോര്‍ട്ടം പരിശോധനാ റിപോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയൂ- പോലിസ് സൂപ്രണ്ട് അംബര്‍ ലാക്ര പിടിഐയോട് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യും. കേസന്വേഷണത്തിനായി ഏഴംഗസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കേസില്‍ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പോലിസ് ഡയറക്ടര്‍ ജനറല്‍ എം വി റാവുവിനോട് നിര്‍ദേശിച്ചു. കേസില്‍ നടപടിയെടുക്കുകയും അതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിക്കുകയും വേണം. അത്തരം കേസുകളിലെ കുറ്റവാളികളെ ഫാസ്റ്റ് ട്രാക്ക് കോടതികളിലൂടെ ശിക്ഷിക്കാന്‍ അദ്ദേഹം എല്ലാ ജില്ലാ ഭരണകൂടങ്ങളോടും ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ മൂന്നാമത്തെ പീഡനക്കൊലപാതകമാണിത്.