മധ്യപ്രദേശില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു
13 യാത്രക്കാരില്‍ പത്തുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരില്‍ പത്ത് സ്ത്രീകളും ഓട്ടോ ഡ്രൈവറും ഉള്‍പ്പെടുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഭോപാല്‍: മധ്യപ്രദേശില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. ഗ്വാളിയോര്‍ ജില്ലയിലെ പുരാണി ചവാനി പ്രദേശത്ത് ഇന്ന് രാവിലെ എഴിനാണ് അപകടമുണ്ടായത്. മൊറേനയിലേക്ക് പോവുകയായിരുന്ന ബസ്സാണ് ഓട്ടോയില്‍ ഇടിച്ചത്. 13 യാത്രക്കാരില്‍ പത്തുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരില്‍ പത്ത് സ്ത്രീകളും ഓട്ടോ ഡ്രൈവറും ഉള്‍പ്പെടുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 7 മണിയോടെ 'അങ്കണവാടി കേന്ദ്രത്തില്‍' പാചകക്കാരായ സ്ത്രീകള്‍ ജോലികഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെയാണ് അപകടമെന്ന് ഗ്വാളിയര്‍ എസ്പി അമിത് സംഘി പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് പ്രഖ്യാപിച്ചത്.
അപകടത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദു:ഖവും രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച മധ്യപ്രദേശിലെ മണ്ട്‌ല ജില്ലയില്‍ മിനി ട്രക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിക്കുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിവാഹത്തിനുശേഷം ചന്ദേരയില്‍നിന്ന് ദേവ് ഡോംഗ്രി ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെയാണ് പൊട്ട്‌ല ഗ്രാമത്തിന് സമീപം അപകടമുണ്ടായതെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് യശ്പാല്‍ സിങ് പരിഹാര്‍ പറഞ്ഞു.