ലോക്ക് ഡൗണ്‍: 1.31 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍
കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
മുംബൈ: കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയ കുടിയേറ്റത്തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍. വൈദ്യപരിശോധനയ്ക്കുശേഷം 1.31 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ സ്വന്തം ഗ്രാമങ്ങളിലേക്ക് പോവാന്‍ അനുമതി നല്‍കിയതായി സംസ്ഥാന സാമൂഹികനീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ടെ അറിയിച്ചു.
കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി അജോയ് മേത്ത മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തുന്ന തൊഴിലാളികള്‍ വീട്ടില്‍തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ യാത്ര, ഭക്ഷണം എന്നീ സൗകര്യങ്ങള്‍ ഫാക്ടറി ഉടമകള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെയും സ്വന്തം നാട്ടിലെ ജില്ലയിലെയും കലക്ടര്‍മാര്‍ക്ക് ഇവരുടെ പട്ടിക കൈമാറിയിട്ടുണ്ട്.
തൊഴിലാളികളുടെ സ്വദേശത്തെ ഗ്രാമത്തലവന്‍മാര്‍ ഇവരെ സ്വീകരിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അഹമ്മദ്‌നഗര്‍, ബീഡ് മേഖലകളില്‍ 38 കരിമ്പ് ഫാക്ടറികളുടെ സമീപത്തായി ഒരുക്കിയ താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ 1.31 ലക്ഷം കുടിയേറ്റ തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് കുടുങ്ങിക്കിടക്കുന്നത്.