ഉത്തര്‍പ്രദേശില്‍ ഉഷ്ണതരംഗത്തില്‍ മരിച്ചത് 33 പോളിംഗ് ജീവനക്കാര്‍

Update: 2024-06-02 04:33 GMT

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ പോളിംഗ് ജോലിക്കിടെ ഉഷ്ണതരംഗത്തില്‍ 33 മരണം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിലാണ് ചൂടിനെ തുടര്‍ന്ന് 33 പോളിംഗ് ഉദ്യോഗസ്ഥര്‍ മരിച്ചത്. ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വ അറിയിച്ചതാണിത്. ഹോം ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് മരിച്ചത്. ബല്ലിയ ലോക്സഭാ മണ്ഡലത്തിലെ സിക്കന്ദര്‍പൂര്‍ പ്രദേശത്തെ ബൂത്തില്‍ ഒരു വോട്ടറും മരിച്ചതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

അതാത് നിയോജക മണ്ഡലങ്ങളിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ മരണത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിച്ചതായി ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഏഴാം ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, ഗോരഖ്പൂര്‍, കുശിനഗര്‍, ദെയോറിയ, ബന്‍സ്ഗാവ്, ഗോസി, സലേംപൂര്‍, ബല്ലിയ, ഗാസിപൂര്‍, ചന്ദൗലി, വാരണാസി, മിര്‍സാപൂര്‍, റോബര്‍ട്ട്സ്ഗഞ്ച് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഈ ഘട്ടത്തില്‍ 1,08,349 പോളിങ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്.

അതിനിടെ ഉത്തരേന്ത്യയില്‍ ചൂടിന് നേരിയ ശമനമുണ്ട്. ഡല്‍ഹിയില്‍ പല സംസ്ഥാനങ്ങളിലും ഇന്നലെ ചൂട് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ കുറഞ്ഞു. വരുന്ന രണ്ട് ദിവസങ്ങളിലും ചൂടിന് നേരിയ ശമനം ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എന്നാല്‍ ഉഷ്ണതരംഗ സാധ്യത തുടരുകയാണ്. മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടിലാണ്. ദില്ലിയടക്കമുള്ള മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തില്‍ മരണം നൂറിലധികമായി.





Tags:    

Similar News