കനത്ത മഴയും വെള്ളപ്പൊക്കവും; ബംഗാളില്‍ എട്ട് മരണം, നിരവധി പേരെ കാണാതായി, ട്രെയിനുകള്‍ റദ്ദാക്കി

Update: 2021-07-31 01:10 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മഴക്കെടുതിയെത്തുടര്‍ന്ന് വ്യത്യസ്ത സംഭവങ്ങളിലായി എട്ടുപേര്‍ മരിച്ചു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ടാണ് മരണങ്ങള്‍ സംഭവിച്ചത്. കൊല്‍ക്കത്തയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്. സിക്കിം- ബംഗാള്‍ അതിര്‍ത്തിയിലെ റെയില്‍വേ പ്രൊജക്ട് സൈറ്റിലുണ്ടായ രൂക്ഷമായ മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ മരിച്ചു.

രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാലുപേരെ കാണാതായി. വിവിധ ജില്ലകളില്‍ വൈദ്യുതാഘാതാമേറ്റ് മൂന്നുപേരും മരിച്ചു. അസന്‍സോള്‍, ഗാര്‍ബെറ്റ, രഘുനാഥ്പൂര്‍ എന്നിവിടങ്ങളില്‍ ചെളികൊണ്ട് നിര്‍മിച്ച കുടിലുകള്‍ തകര്‍ന്നുവീണ അവസ്ഥയിലാണ്. ഇവിടെ അഞ്ച് വയസുകാരന്‍ ഉള്‍പ്പടെ മൂന്ന് പേരാണ് കുടില്‍ ഇടിഞ്ഞുവീണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ പല മേഖലകളിലും രൂക്ഷമായ വെള്ളക്കെട്ടാണ്. റോഡ്, റെയില്‍ ഗതാഗതങ്ങളെല്ലാം സ്തംഭിച്ചു. ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ മുഖ്യമന്ത്രി മമതാ ബാനര്‍ജി കനത്ത മഴയുടെ ആഘാതത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.

പ്രളയമുണ്ടാവില്ല. മഹാരാഷ്ട്രയിലെ മഴയില്‍ നിരവധി ആളുകള്‍ മരിച്ചു- അവര്‍ ട്വീറ്റ് ചെയ്തു. വ്യാഴാഴ്ച മുതല്‍ ബംഗാളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തുടര്‍ച്ചയായ മഴ സൗത്ത്- ഈസ്‌റ്റേണ്‍ റെയില്‍വേയുടെ ഖരഗ്പൂര്‍ യാര്‍ഡില്‍ ട്രാക്കിനടിയിലെ ചെളി തെന്നിമാറിയത് ഗുഡ്‌സ് ട്രെയിനുകളുടെ യാത്രയെ ബാധിച്ചെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള പുരുലിയ ജില്ലയില്‍ ഇന്ന് രാവിലെ കനത്തതോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്ക്, തെക്ക് 24 പര്‍ഗാനകള്‍, ബങ്കുറ, പശ്ചിമ ബര്‍ധമാന്‍, പശ്ചിമ മേദിനിപൂര്‍ ജില്ലകളിലും കനത്ത മഴ തുടരും. പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ പടിഞ്ഞാറോട്ട് നീങ്ങാന്‍ സാധ്യതയുള്ള ന്യൂനമര്‍ദം കാരണം ദക്ഷിണ ബംഗാള്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    

Similar News