അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ തെലുങ്ക് ദേശം പാര്‍ട്ടിയുടെ (ടിഡിപി) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ എട്ടുപേര്‍ മരിച്ചു. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടുക്കൂര്‍ ഗ്രാമത്തിലെ പൊതുയോഗ വേദിയിക്ക് സമീപത്ത് രാത്രിയാണ് അപകടം സംഭവിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ ആരംഭിച്ച 'ഇഥേം കര്‍മ' റാലിക്കിടെ കനത്ത തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്.
തിരക്കില്‍ അകപ്പെട്ട ചിലര്‍ നിലത്ത് വീണു. അപകടം നടന്നതോടെ സ്ഥലത്തു നിന്ന് രക്ഷപ്പെടാനായി ശ്രമിച്ച ചിലര്‍ റോഡരികിലുള്ള ഓടയിലേക്ക് വീണു. സംഭവത്തില്‍ കടുത്ത ഞെട്ടലും ദു:ഖവും രേഖപ്പെടുത്തിയ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രിയുടെ 'പബ്ലിസിറ്റി സ്റ്റണ്ടാണ്' സംഭവത്തിന് കാരണമെന്ന് ഭരണകക്ഷിയായ യുവജന ശ്രമിക റൈതു കോണ്‍ഗ്രസ് പാര്‍ട്ടി (വൈഎസ്ആര്‍സിപി) സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനണെന്ന് ടിഡിപി ആരോപിച്ചു. നിരവധി ആളുകള്‍ റാലിയില്‍ ചേരുന്നുണ്ടെന്ന് സര്‍ക്കാരിന് അറിയാമായിരുന്നിട്ടും മതിയായ പോലിസ് സേനയെ വിന്യസിച്ചില്ലെന്ന് ടിഡിപി എംഎല്‍സി ജി ദീപക് റെഡ്ഡി അവകാശപ്പെട്ടു. പരിക്കേറ്റ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പാര്‍ട്ടി നിലകൊള്ളുന്നതെന്നും ഇരകളുടെ മക്കളെ എന്‍ടിആര്‍ ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുമെന്നും ടിഡിപി അറിയിച്ചു.