ക്രമസമാധാനപ്രശ്‌നം; ചന്ദ്രബാബു നായിഡുവിന്റെ വീട്ടുതടങ്കല്‍ 24 മണിക്കൂര്‍കൂടി തുടരും

ക്രമസമാധാനപ്രശ്‌നം മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് പോലിസ് അറിയിച്ചു. ഗുണ്ടൂര്‍ ജില്ലയിലെ പല്‍നാട് മേഖലയില്‍ ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആന്ധാപ്രദേശ് ഡിജിപി ഡി ഗൗതം സവാങ് മുഖ്യമന്ത്രിയുടെ ഓഫിസ് മുഖേന പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.

Update: 2019-09-11 17:45 GMT

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെയും മകന്‍ നരാ ലോകേഷിന്റെയും വീട്ടുതടങ്കല്‍ 24 മണിക്കൂര്‍കൂടി തുടരും. ക്രമസമാധാനപ്രശ്‌നം മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് പോലിസ് അറിയിച്ചു. ഗുണ്ടൂര്‍ ജില്ലയിലെ പല്‍നാട് മേഖലയില്‍ ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആന്ധാപ്രദേശ് ഡിജിപി ഡി ഗൗതം സവാങ് മുഖ്യമന്ത്രിയുടെ ഓഫിസ് മുഖേന പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. നായിഡുവിന്റെ വീടിന് മുന്നില്‍ അനുയായികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വന്‍പടതന്നെയാണ് തടിച്ചുകൂടിയിട്ടുള്ളത്.

അക്രമസംഭവങ്ങളൊഴിവാക്കുന്നതിനായി ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ ചന്ദ്രബാബു നായിഡുവിന്റെ വീടിന് മുന്നില്‍ വന്‍ പോലിസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രധാന പ്രവേശനകവാടം കയറുകൊണ്ട് ബന്ധിക്കുകയും മറ്റ് ഗേറ്റുകള്‍ പൂട്ടുകയും ചെയ്തിട്ടുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അക്രമരാഷ്ട്രീയത്തിനെതിരേ ഗുണ്ടൂരില്‍ ടിഡിപി റാലി നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരെയും പോലിസ് വീട്ടുതടങ്കലിലാക്കുന്നത്. 'ചലോ ആത്മാക്കൂര്‍' എന്ന റാലിക്കാണ് ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിരുന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരോട് ഗുണ്ടൂരിലെത്താന്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു.

ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിനും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ കൊലപാതകരാഷ്ട്രീയത്തിനുമെതിരെയുള്ള പ്രതിഷേധമായിരുന്നു റാലി. എന്നാല്‍, രാവിലെ റാലി തുടങ്ങുംമുമ്പ് നായിഡുവും മകനും അമരാവതിയിലെ വീട്ടില്‍ തടങ്കലിലായി. ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. അനുയായികള്‍ക്കൊപ്പം വീടിന് പുറത്തിറങ്ങാന്‍ നരാ ലോകേഷ് ശ്രമിച്ചെങ്കിലും പോലിസ് തടഞ്ഞു. പിന്നീട് ചന്ദ്രബാബു നായിഡുവും പുറത്തിറങ്ങാന്‍ നോക്കി. അദ്ദേഹത്തെയും പോലിസ് തടഞ്ഞു. റാലിക്ക് പോലിസ് അനുമതി നിഷേധിക്കുകയും ഗുണ്ടൂരില്‍ 144 പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. തടവില്‍ കഴിയുന്ന ചന്ദ്രബാബു നായിഡു 12 മണിക്കൂര്‍ നീണ്ട നിരാഹാരസമരത്തിലാണ്. ഇത് ജനാധിപത്യത്തിന്റെ ഇരുണ്ടദിനമാണെന്ന് പറഞ്ഞ നായിഡു, സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

പോലിസ് നടപടി ക്രൂരവും ചരിത്രത്തില്‍ അഭൂതപൂര്‍വവുമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്ഥിതി ഭയാനകമാണ്. എംപിമാരും എംഎല്‍എമാരും ഉള്‍പ്പടെ ഞങ്ങളുടെ പാര്‍ട്ടി നേതാക്കളില്‍ പലരെയും വിവിധ സ്ഥലങ്ങളില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റു പലരെയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇതെല്ലാം ഭരണാധികാരിയുടെ മോശം മാനസികാവസ്ഥയാണ് തെളിയിക്കുന്നത്. അവര്‍ എന്നെ എത്രനാള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കും. താനിതൊന്നും ഭയപ്പെടുത്തുകയില്ല. ഇരകള്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ അവകാശങ്ങള്‍ക്കായി ഇനിയും പോരാടുമെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News