മധ്യപ്രദേശില്‍ ബസ്സുകളിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടുപേര്‍ മരിച്ചു, 50 പേര്‍ക്ക് പരിക്ക്
ഭോപാല്‍: മധ്യപ്രദേശില്‍ രണ്ട് ബസ്സുകളിലേക്ക് ട്രക്ക് ഇടിച്ചുകയറി എട്ടുപേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. സിദ്ധിയിലെ മൊഹാനിയ തുരങ്കത്തിന് സമീപമുള്ള ബര്‍ഖദ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിയില്‍ പങ്കെടുത്ത് മടങ്ങിയവരാണ് ബസിലുണ്ടായിരുന്നത്. ബസ്സുകളുടെ പിന്നിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്. ട്രക്കിന്റെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് ബസ്സുകള്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഒരു ട്രക്കിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് പിന്നില്‍ നിന്ന് വന്ന് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് രേവ എസ്പി മുകേഷ് ശ്രീവാസ്തവ പറഞ്ഞു. പരിക്കേറ്റവരില്‍ 20 പേരുടെ നില ഗുരുതരമാണെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശിലെ വാഹനാപകടം അത്യന്തം ദു:ഖകരമാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. ഈ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.