ലഖ്നോ: ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് നഗരത്തില്‍ മുസ്ലിം പണ്ഡിതനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പ്രതാപ്ഗഡ് നഗരത്തില്‍ മദ്റസ നടത്തിയിരുന്ന സോന്‍പൂര്‍ ഗ്രാമവാസിയായ മൗലാന ഫാറൂഖ് ആണ് കൊല്ലപ്പെട്ടത്. ഇരുമ്പ് വടി കൊണ്ടാണ് ഒരു കൂട്ടം അക്രമികള്‍ കൊലപ്പെടുത്തിയത്. ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പ്രാദേശിക പ്രവര്‍ത്തകനാണ്. ശനിയാഴ്ച രാവിലെ വീടിന് പുറത്താണ് മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ ഒളിവിലാണ്. പണമിടപാടും ഭൂമിയും സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.അതേസമയം പ്രദേശത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് പ്രവര്‍ത്തിച്ചതിന്റെ പ്രതികാര നടപടിയാണ് കൊലപാതകമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൊലപാതകത്തെ തുടര്‍ന്ന് നാട്ടുകാരും ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പ്രവര്‍ത്തകരും മൃതദേഹവുമായി ഏറെ നേരം പ്രതിഷേധിച്ചു.