മധുരയില്‍ ഒന്‍പതുവയസുകാരനെ കുത്തിക്കൊലപ്പെടുത്തി; 13കാരന്‍ അറസ്റ്റില്‍

Update: 2024-05-25 14:32 GMT

മധുര: തമിഴ്‌നാട് മധുരയില്‍ ഒന്‍പതുവയസുകാരനെ കുത്തിക്കൊലപ്പെടുത്തി. ബിഹാര്‍ സ്വദേശി ഷാനവാസ് ആണ് കൊല്ലപ്പെട്ടത്. കേസില്‍ ബിഹാര്‍ സ്വദേശിയായ 13 വയസുകാരനെ പോലിസ് അറസ്റ്റു ചെയ്തു. ഉറുദു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് രണ്ടുപേരും. മേലൂര്‍ കത്തപ്പട്ടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂളില്‍ താമസിച്ച് പഠിയ്ക്കുന്നവരാണ് രണ്ടുപേരും. കുട്ടികള്‍ക്കിടയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തര്‍ക്കമുണ്ടായിരുന്നു. ഇന്ന് രാവിലെ അടുക്കളയില്‍ നിന്നും കത്തിയെടുത്താണ് ഷാനവാസിനെ പതിമൂന്നുകാരന്‍ ആക്രമിച്ചത്. കഴുത്തിനും വയറ്റിനും കുത്തേറ്റ ഷാനവാസ് തല്‍ക്ഷണം മരിച്ചു.

മൃതദേഹം സമീപത്തെ മാലിന്യ ഓടയില്‍ ഒളിപ്പിച്ച് പതിമൂന്നുകാരന്‍ പതിവുപോലെ ക്ലാസിലേക്ക് പോവുകയും ചെയ്തു. ഷാനവാസിനെ കാണുന്നില്ലെന്ന് മനസിലാക്കിയ സ്‌കൂള്‍ അധികൃതര്‍ മേലൂര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ പോലിസ് പതിമൂന്നുകാരനെ ചോദ്യം ചെയ്യുകയായിരുന്നു.




Similar News