ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷകരം; 5 ജി നടപ്പാക്കുന്നതിനെതിരേ ഡല്‍ഹി കോടതിയെ സമീപിച്ച് നടി ജൂഹി ചൗള
ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ചാം തലമുറ (5 ജി) ടെലികോം സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരേ ബോളിവുഡ് താരം ജൂഹി ചൗള ഡല്‍ഹി കോടതിയെ സമീപിച്ചു. 5 ജി നടപ്പാക്കുന്നത് പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി ഫയല്‍ ചെയ്തത്. സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാല്‍ പരിസ്ഥിതിക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും നടി ഹരജിയില്‍ പറയുന്നു.
സാങ്കേതികമായ പുരോഗതിയുണ്ടാക്കുന്നതിന് വിവിധ സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. ഇന്ന് വയര്‍ലെസ് കമ്മ്യൂണിക്കേഷനിലുള്‍പ്പെടെ നൂതനമായ ഉപകരണങ്ങളാണ് നാം ഉപയോഗിക്കുന്നത്. അതേസമയം, വയര്‍ലെസ് സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. നൂതന ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും വയര്‍ലസ് ഉപകരണങ്ങളില്‍ നിന്നും നെറ്റ്‌വര്‍ക്ക് ടവറുകളില്‍നിന്നുമുള്ള റേഡിയോ ഫ്രീക്വന്‍സി വികിരണത്തെക്കുറിച്ചുള്ള സ്വന്തം ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ഞങ്ങള്‍ നിരന്തരമായ ആശയക്കുപ്പത്തിലാണ്.
വയര്‍ലെസ് സാങ്കേതികവിദ്യ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തലെന്ന് ജൂഹി ചൗള പറഞ്ഞു. 5 ജി സാങ്കേതികവിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ട്. 5 ജി സാങ്കേതികവിദ്യ മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പിനോട് നിര്‍ദേശിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജൂഹി ചൗളയുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ഇത് നടപ്പാക്കുന്നതിന് പഠനം ആവശ്യമാണ്. ഇതുസംബന്ധിച്ച് പഠനങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ കാര്യക്ഷമമായ പഠനങ്ങള്‍ നടത്തണം.
മൊബൈല്‍ സെല്‍ ടവറുകളിലൂടെയുണ്ടാവുന്ന റേഡിയേഷനെക്കുറിച്ച് സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താന്‍ കോടതി നിര്‍ദേശിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വക്താവ് പറഞ്ഞു. ജസ്റ്റിസ് സി ഹരിശങ്കറിന്റെ ബഞ്ചാണ് ഇന്ന് വിഷയം പരിഗണിച്ചത്. എന്നാല്‍, കേസില്‍നിന്ന് പിന്‍മാറിയ ജസ്റ്റിസ് സി ഹരിശങ്കര്‍, ഇത് ഡല്‍ഹി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിന് വിട്ടു. കേസില്‍ ജൂണ്‍ രണ്ടിന് വീണ്ടും വാദം കേള്‍ക്കും.