ടോള്‍പ്ലാസ ജീവനക്കാര്‍ക്ക് നേരെ ബിജെപി എംപിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അതിക്രമം( വീഡിയോ)

Update: 2019-07-06 13:46 GMT

ആഗ്ര: എംപിയുടെ അകമ്പടി വാഹനങ്ങള്‍ ക്രമമായി കടന്നു പോവണമെന്നു ആവശ്യപ്പെട്ടതിനെ തുടര്‍ന്നു ബിജെപി എംപിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ടോള്‍പ്ലാസ ജീവനക്കാരെ മര്‍ദിച്ചു. ഇറ്റാവയില്‍ നിന്നുള്ള ബിജെപി എംപി രാം ശങ്കര്‍ കതേരിയയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ജീവനക്കാരെ മര്‍ദിച്ചത്. മര്‍ദനത്തിനിടക്കു സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്കു വെടിവെക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ നടന്ന അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തു വിട്ടു.

ടോള്‍പ്ലാസയിലേക്ക് എത്തിയ അഞ്ച് കാറുകളും ഒരു ബസും അടങ്ങിയ എംപിയുടെ വാഹനവ്യൂഹത്തോട് ഓരോന്നായി കടന്നുപോവാന്‍ ടോള്‍പ്ലാസ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതു നിരാകരിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയായിരുന്നുവെന്നു ടോള്‍പ്ലാസ ജീവനക്കാര്‍ പറഞ്ഞു. പോലിസ് ഓഫിസറുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദനം. മര്‍ദനം തടയാനെത്തിയ മറ്റൊരു ജീവനക്കാരനെ വടി കൊണ്ടു മര്‍ദിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ ആകാശത്തേക്കു വെടിവെക്കുകയുമായിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു ജോലി രാജിവെക്കാന്‍ സമ്മര്‍ദം ശക്തമാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എംപി തന്നെയായിരിക്കും ഉത്തരവാദിയെന്നും ടോള്‍പ്ലാസ ജീവനക്കാരന്‍ പറഞ്ഞു.

ജീവനക്കാരുടെ പരാതിയില്‍ എംപി രാം ശങ്കര്‍ കതേരിയക്കെതിരേ പോലിസ് കേസെടുത്തു. 

Tags:    

Similar News