മദ്യപാന പരിശോധനയില്‍ പരാജയപ്പെട്ടു ലൈസന്‍സു റദ്ദാക്കിയ പൈലറ്റിനു എയര്‍ ഇന്ത്യാ വടക്കന്‍ മേഖലാ ഡയറക്ടറായി നിയമനം

Update: 2019-04-30 19:21 GMT

ന്യൂഡല്‍ഹി: മദ്യപാന പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ലൈസന്‍സ് റദ്ദാക്കിയ എയര്‍ ഇന്ത്യാ പൈലറ്റിനു വടക്കന്‍ മേഖലാ ഡയറക്ടറായി നിയമനം. എയര്‍ ഇന്ത്യുയുടെ വടക്കന്‍ മേഖലാ ഡയറ്കടറായിരുന്ന പങ്കജ് കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് അരവിന്ദ് കാത്പാലിയ എന്ന പൈലറ്റിനെ നിയമിക്കുന്നത്. ബുധനാഴ്ച കാത്പാലിയ സ്ഥാനമേറ്റെടുക്കുമെന്നു എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് മദ്യാപാന പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു കാത്പാലിയയുടെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കിയത്. ഈ സംഭവത്തില്‍ അന്വേഷണ നടപടികള്‍ നേരിടുന്ന വ്യക്തിയാണ് കാത്പാലിയ. വടക്കന്‍ മേഖലാ ഡയറക്ടറായി കാത്പാലിയ നിയമിക്കപ്പെട്ടാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും സാക്ഷികളെ ഭീഷണിപ്പടുത്തുമെന്നും ആരോപിച്ചു ഇന്ത്യന്‍ കൊമേഴ്്ഷ്യല്‍ പൈലറ്റ് അസോസിയേഷന്‍ രംഗത്തെത്തി. എയര്‍ ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കു എന്തു തെറ്റും ചെയ്യാമെന്ന സന്ദേശമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും അസോസിയേഷന്‍ വ്യക്തമാക്കി. കാത്പാലിയയുടെ നിയമനം അധികൃതര്‍ പുനപ്പരിശോധിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. മദ്യപാന പരിശോധനയില്‍ നിന്നും ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്നു 2017ലും കാത്പാലിയയെ മൂന്നു മാസത്തേക്കു സസ്‌പെന്റ് ചെയ്തിരുന്നു. 

Tags:    

Similar News