ബ്രാഹ്‌മണനാകാന്‍ ആഗ്രഹിക്കുന്ന സുരേഷ്ഗോപിക്ക് സത്യജിത് റേയിലെ വിദ്യാര്‍ഥി യൂണിയന്‍ സമ്മാനമായി നല്‍കിയത് അംബേദ്കറിന്റെ 'ജാതി ഉന്മൂലനം'

Update: 2024-10-21 06:23 GMT

ന്യൂഡല്‍ഹി : കേന്ദ്ര സഹമന്ത്രിയും കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ആര്‍എഫ്ടിഐ) ചെയര്‍മാനുമായ നടന്‍ സുരേഷ്ഗോപിക്ക് ബി ആര്‍ അംബേദ്കറിന്റെ 'ജാതി ഉന്മൂലനം' സമര്‍പ്പിച്ച് എസ്ആര്‍എഫ്ടിഐ വിദ്യാര്‍ഥി യൂണിയന്‍. സ്ഥാപനത്തിന്റെ ചെയര്‍മാനായി നിയമിതനായി ഒരുവര്‍ഷത്തിലധികം കഴിഞ്ഞാണ് സുരേഷ് ഗോപി ആദ്യമായി കാമ്പസിലേക്ക് വരുന്നതെന്നും സ്ഥാപനത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലാണ് വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികള്‍ സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് സുബ പറഞ്ഞു.

'അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി ജനിക്കണം' എന്നതുള്‍പ്പെടെ ജാതീയതയെ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകള്‍ സുരേഷ്ഗോപി നിരവധി തവണ സ്വീകരിച്ചിട്ടുണ്ട്.അവിശ്വാസികളുടെ സര്‍വനാശത്തിനുവേണ്ടി പ്രാര്‍ഥിക്കുമെന്നും സുരേഷ്‌ഗോപി പൊതുമധ്യത്തില്‍ പ്രസംഗിച്ചിരുന്നു. സുരേഷ് ഗോപിക്ക് ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ ജാതിവ്യവസ്ഥയെ തള്ളിക്കളയുന്ന 'ജാതി ഉന്മൂലനം' നല്‍കിയത് വിദ്യാര്‍ഥികളുടെ രാഷ്ട്രീയ നിലപാടാണ്.

'ഇന്ത്യ എന്താണ്, ഭരണഘടനാ മൂല്യങ്ങള്‍ എന്താണ്, ഇന്ത്യന്‍ സമൂഹത്തില്‍ ജാതീയത എത്ര ശക്തമായാണ് വേരാഴ്ത്തിയിരിക്കുന്നത് എന്നെല്ലാം മനസിലാക്കാന്‍ ഒരാള്‍ നിര്‍ബന്ധമായും അംബേദ്കറിനെ വായിച്ചിരിക്കണം എന്നാണ് ഞങ്ങള്‍ കരുതുന്നത്.അതുകൊണ്ട് തങ്ങള്‍ അദ്ദേഹത്തിന് അംബേദ്കര്‍ എഴുതിയ ജാതി ഉന്മൂലനം കൈമാറി, അത് തങ്ങളുടെ രാഷ്ട്രീയ സന്ദേശമാണ് ' സുബ പറഞ്ഞു.2023 പകുതിയോടെയാണ് സുരേഷ് ഗോപി സ്ഥാപനത്തിന്റെ ചെയര്‍മാനായി നിയമിതനാകുന്നത്.




Tags:    

Similar News