നന്ദേഡ് സ്‌ഫോടനം: ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ വെറുതെവിട്ടു
49 സാക്ഷികളെ ഹാജരാക്കിയിട്ടും ഫോറന്‍സിക് റിപോര്‍ട്ടുകളും നാര്‍ക്കോ പരിശോധനാ റിപോര്‍ട്ടുകളും നല്‍കിയിട്ടും പ്രതികളെ ശിക്ഷിക്കാത്തത് ഞെട്ടിച്ചുവെന്ന് സിബിഐ പ്രോസിക്യൂട്ടറായ അഡ്വ. ദാല്‍വി പറഞ്ഞു.
മുംബൈ: നന്ദേഡ് സ്‌ഫോടനക്കേസില്‍ പ്രതികളായ പത്ത് ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ വിചാരണക്കോടതി വെറുതെവിട്ടു. ഇവരെ ശിക്ഷിക്കാന്‍ വേണ്ട തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐയ്ക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നന്ദേഡ് സെഷന്‍സ് കോടതി വിധി. രാഹുല്‍ പാണ്ഡെ, സഞ്ജയ് ചൗധുരി, രാംദാസ് മലിംഗെ, ഡോ. ഉമേഷ് ദേശ്പാണ്ഡെ, മാരുതി വാഗ്, യോഗേഷ് രവീന്ദര്‍ ദേശ്പാണ്ഡെ, ഗുരുരാജ് താപ്ത്‌വര്‍, മിലിന്ദ് അകതാതെ, മംഗേഷ് പാണ്ഡെ, രാകേഷ് ധാവോദെ എന്നിവരെയാണ് വെറുതെവിട്ടിരിക്കുന്നത്.
2006 ഏപ്രില്‍ അഞ്ചിന് പാതിരാത്രി ആര്‍എസ്എസ് പ്രവര്‍ത്തകനായ ലക്ഷ്മന്‍ രാജ്‌കൊണ്ട്‌വര്‍ എന്നയാളുടെ വീടിന് സമീപമാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യം നന്ദേഡ് പോലിസ് അന്വേഷിച്ച കേസ് പിന്നീട് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും സിബിഐയും അന്വേഷിച്ചു. സ്‌ഫോടകവസ്തുക്കള്‍ കൂട്ടിയോജിപ്പിക്കുമ്പോള്‍ സ്‌ഫോടനമുണ്ടായെന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നത്. പൊട്ടാത്ത മറ്റൊരു ബോംബും ഏതാനും വെടിയുണ്ടകളും കണ്ടെടുത്തതായും കുറ്റപത്രം പറയുന്നു.
പ്രതികള്‍ കുറ്റകൃത്യം ചെയ്ത കാര്യം അറിയാവുന്ന 49 സാക്ഷികളെ ഹാജരാക്കിയിട്ടും ഫോറന്‍സിക് റിപോര്‍ട്ടുകളും നാര്‍ക്കോ പരിശോധനാ റിപോര്‍ട്ടുകളും നല്‍കിയിട്ടും പ്രതികളെ ശിക്ഷിക്കാത്തത് ഞെട്ടിച്ചുവെന്ന് സിബിഐ പ്രോസിക്യൂട്ടറായ അഡ്വ. ദാല്‍വി പറഞ്ഞു. വിധിപകര്‍പ്പ് ലഭിച്ചുകഴിഞ്ഞാല്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.