കണ്ണപുരം റിജിത്ത് വധം: ഒമ്പത് ആര്‍എസ്എസ്സുകാര്‍ക്ക് ജീവപര്യന്തം തടവ്

Update: 2025-01-07 05:38 GMT

തലശ്ശേരി: സിപിഎം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊന്ന കേസിലെ പ്രതികളായ ഒമ്പത് ആര്‍എസ്എസ്സുകാര്‍ക്ക് ജീവപര്യന്തം കഠിന തടവ്. കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടന്‍ വീട്ടില്‍ സുധാകരന്‍ (57), കോത്തിലതാഴെ വീട്ടില്‍ ജയേഷ് (41), ചാങ്കുളത്ത്പറമ്പില്‍ രഞ്ജിത്ത് (44), പുതിയപുരയില്‍ അജീന്ദ്രന്‍ (51), ഇല്ലിക്കവളപ്പില്‍ അനില്‍കുമാര്‍ (52), പുതിയപുരയില്‍ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടില്‍ ശ്രീകാന്ത് (47), സഹോദരന്‍ ശ്രീജിത്ത് (43), തെക്കേവീട്ടില്‍ ഭാസ്‌കരന്‍ (67) എന്നിവരെയാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ ജോസ് ശിക്ഷിച്ചത്. ഓരോ പ്രതികളും 1,10,000 രൂപ പിഴയും അടക്കണം. കേസിലെ മൂന്നാം പ്രതി അജേഷ് എന്നയാള്‍ വിചാരണക്കാലയളവില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു.

2005 ഒക്ടോബര്‍ മൂന്നിന് രാത്രി 7.45നാണ് കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയില്‍ ക്ഷേത്രത്തിനു സമീപം റിജിത്ത് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് ശാഖ നടത്തുന്നതിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു കൊലപാതകം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ വി നികേഷ്, ആര്‍ എസ് വികാസ്, കെ എന്‍ വിമല്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

2005 ഒക്ടോബർ 2ന് ആർഎസ്എസ്–ബിജെപി പ്രവർത്തകരും മരിച്ച റിജിത്ത് ഉൾപ്പെടെയുള്ള ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും നടന്നിരുന്നു. പിറ്റേന്നു പതിവുപോലെ ചെറുകുന്ന് തറയിലെ ബേക്കറിയിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ സുഹൃത്തുക്കൾ ഒത്തുകൂടിയശേഷം വീടുകളിലേക്കു മടങ്ങുമ്പോൾ ചുണ്ട തച്ചങ്കണ്ടി ക്ഷേത്രത്തിനു സമീപത്തെ കിണറിനു പിറകിൽ ഒളിച്ചിരുന്നവർ റിജിത്തിനെയും കൂടെയുള്ളവരെയും ആക്രമിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ശരീരത്തിന്റെ പിറകുവശത്തു കത്തികൊണ്ട് മാരകമായ കുത്തേറ്റതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും റിജിത്ത് മരിച്ചിരുന്നു.

റിജിത്ത് വധക്കേസിൽ ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് പ്രോസിക്യൂഷന്റെ വിജയം. അഡീഷനൽ ജില്ലാ സെഷൻസ് കോടതി മൂന്നിൽ 3 സാക്ഷികളുടെ വിസ്താരം പൂർത്തിയായതോടെ പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം ഹൈക്കോടതി കേസ് അഡീഷനൽ ജില്ലാ കോടതി ഒന്നിലേക്കു മാറ്റിയിരുന്നു. പിന്നീട് ഈ കേസ് വീണ്ടും അഡീഷനൽ സെഷൻസ് കോടതി മൂന്നിൽ തന്നെയെത്തി. ഇതിനിടെ ജഡ്ജിമാർ മാറി വന്നു.

Tags:    

Similar News