വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനുള്ള രാജ്യവ്യാപകമായ ശ്രമങ്ങള്‍ തുടരും: എസ്ഡിപിഐ
കൊല്‍ക്കത്ത: വഖ്ഫ് സ്വത്തുക്കള്‍ മുസ്‌ലിം സമുദായത്തിന്റെ പൈതൃകത്തിന്റെ ഒരു ഭാഗം മാത്രമല്ലെന്നും സമൂഹത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമായ സമ്പത്താണെന്നും എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്ല്യാസ് മുഹമ്മദ് തുംബെ പറഞ്ഞു. വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടത് ബോധമുള്ള ഓരോ മുസ്‌ലിമിന്റെയും ധാര്‍മിക ബാധ്യതയാണ്. വഖ്ഫ് ബോര്‍ഡുകളുടെ സംരക്ഷണം ഉറപ്പ് വരുത്തുക എന്നത് സാമൂഹ്യനീതി ഉയര്‍ത്തിപ്പിടിക്കാനുള്ള നിര്‍ണായക ചുവടുവെപ്പാണ്. വഖ്ഫ് ഭേദഗതി ബില്ലിനെയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വര്‍ഗീയ പരാമര്‍ശങ്ങളെയും ആസ്പദമാക്കി 2025 ജനുവരി അഞ്ചിന് എസ്ഡിപിഐ പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതിയിലൂടെ ജനാധിപത്യത്തെ തകര്‍ക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കുകയില്ല. ആവശ്യമെങ്കില്‍ രാജ്യം മുഴുവന്‍ ഒന്നിച്ചു നിന്നു കൊണ്ട് ഭരണഘടന സംരക്ഷിക്കാന്‍ രണ്ടാം സ്വാതന്ത്ര്യസമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ സുവേന്ദു അധികാരി ഗൂഢാലോചന നടത്തുകയാണെന്നും അക്രമവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന അയാളുടെ പ്രകോപനപരമായ പ്രസംഗങ്ങളുടെ പ്രതിഫലനമാണ് മുര്‍ഷിദാബാദിലെ സംഭവങ്ങളെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് തയ്യിദുല്‍ ഇസ്‌ലാം പറഞ്ഞു. സുവേന്ദു അധികാരിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ അക്രമവും തീവ്രവാദവും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ്. ഇനിയും വൈകിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഹക്കിക്കുല്‍ ഇസ്‌ലാം, മറ്റ് സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു. ബംഗാളിലും രാജ്യത്തുടനീളവും സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് നേതാക്കള്‍ പറഞ്ഞു.