ആദിവാസികളുടെ പ്രതിഷേധം; ഗുജറാത്തിലെ നദീജല സംയോജന പദ്ധതി ഉപേക്ഷിച്ചു

Update: 2022-03-30 02:57 GMT

അഹമ്മദാബാദ്: ആദിവാസികളുടെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പാര്‍-തപി-നര്‍മദ നദീജല സംയോജന പദ്ധതി ഉപേക്ഷിച്ചു. പദ്ധതിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറിയതായി ഗുജറാത്ത് ബിജെപി പ്രസിഡന്റ് സി ആര്‍ പാട്ടീല്‍ പറഞ്ഞു. നദീജല പദ്ധതിക്കെതിരേ ആദിവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പദ്ധതിക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പദ്ധതി ഉപേക്ഷിച്ചതായി സര്‍ക്കാര്‍ വിജ്ഞാപനം വരും വരെ പ്രതിഷേധത്തില്‍നിന്ന് പിന്‍മാറില്ലെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് വ്യക്തമാക്കി.

ഈ വര്‍ഷം ഡിംസബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണ ആയുധമായിരുന്നു നദീ സംയോജനം. സര്‍ക്കാര്‍ ധവളപത്രം ഇറക്കുന്നതുവരെ പ്രതിഷേധം തുടരും. പാര്‍- തപി- നര്‍മദ ഉള്‍പ്പെടെ അഞ്ച് നദീസംയോജന പദ്ധതിയുടെ ഡിപിആറിന് കഴിഞ്ഞ മാസം അംഗീകാരം നല്‍കി. ഇക്കാര്യം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ മാസം കേന്ദ്ര ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചത് മുതല്‍ തെക്കന്‍ ഗുജറാത്ത് ജില്ലകളിലെ ആദിവാസികള്‍ പദ്ധതിക്കെതിരേ പ്രതിഷേധത്തിലാണ്. ദക്ഷിണ ഗുജറാത്ത് സംസ്ഥാനത്തെ ആദിവാസികളാണു പദ്ധതിക്കെതിരേ രംഗത്തെത്തിയത്.

കഴിഞ്ഞ മാസം വല്‍സാദ് ജില്ലയില്‍ കോണ്‍ഗ്രസ് എംഎല്‍എ അനന്ത് പട്ടേലിന്റെയും ശിവസേനാ പ്രവര്‍ത്തകന്‍ അഭിനവ് ദേല്‍ക്കറുടെയും നേതൃത്വത്തില്‍ ഒരു വലിയ റാലി നടന്നിരുന്നു. അതിനുശേഷം ആദിവാസികള്‍ കൂടുതല്‍ റാലികള്‍ സംഘടിപ്പിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അവര്‍ സംസ്ഥാന തലസ്ഥാനമായ ഗാന്ധിനഗറിലും പദ്ധതിക്കെതിരേ പ്രതിഷേധിച്ചു. തങ്ങളുടെ തറവാട്ടുഭൂമിയില്‍ നിന്ന് തങ്ങളെ കുടിയിറക്കുന്നത് തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പദ്ധതി റദ്ദാക്കണമെന്ന് ആദിവാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News