ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ സംവരണം കേന്ദ്രം നിര്‍ത്തലാക്കി

സാധാരണയായി ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തില്‍നിന്നുള്ള രണ്ട് അംഗങ്ങളെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുകയാണു പതിവ്

Update: 2019-12-05 07:43 GMT

ന്യൂഡല്‍ഹി: ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കി. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് സംവരണം ഉറപ്പുനല്‍കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ നിര്‍ത്തലാക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. അതേസമയം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം 10 വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള ബില്ലും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

    ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും പട്ടിജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുമുള്ള സംവരണം ജനുവരി 25ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെട്ടെന്ന കാരണം പറഞ്ഞാണ് ലോക്‌സഭയില്‍ പ്രാതിനിധ്യം നല്‍കുന്ന സംവരണം എടുത്തുകളയുന്നതെന്നാണ് റിപോര്‍ട്ട്. ഇതുപ്രകാരം ലോക്‌സഭയിലും നിയമസഭകളിലും ഇനി ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ ഉണ്ടാവില്ല. ലോക്‌സഭയില്‍ ആകെയുള്ള 543 സീറ്റുകളില്‍ പട്ടികജാതിക്ക് 85 സീറ്റുകളും പട്ടികവര്‍ഗത്തിന് 47 സീറ്റുകളുമാണ് സംവരണം ചെയ്തിട്ടുള്ളത്. ഇതിനു പുറമെയാണ് ലോക്‌സഭയില്‍ രണ്ട് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിക്കു സംവരണം നല്‍കിയിരുന്നത്. ഇത്തരത്തില്‍ ആകെ 545 പാര്‍ലിമെന്റംഗങ്ങളാണുണ്ടാവുക.

    സാധാരണയായി ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തില്‍നിന്നുള്ള രണ്ട് അംഗങ്ങളെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുകയാണു പതിവ്. ആംഗ്ലോഇന്ത്യന്‍ സമൂഹത്തെ സഭയില്‍ വേണ്ടത്ര പ്രതിനിധീകരിക്കുന്നില്ലെന്ന് രാഷ്ട്രപതിക്ക് അഭിപ്രായമുണ്ടെങ്കില്‍ ആ സമുദായത്തിലെ രണ്ടില്‍ കൂടുതല്‍ അംഗങ്ങളെ ജനപ്രതിനിധിസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാമെന്നാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 331 ല്‍ വ്യക്തമാക്കുന്നത്.

    ഒന്നാംമോദി സര്‍ക്കാരിന്റെ ആദ്യ കാലയളവില്‍ ആംഗ്ലോ-ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള രണ്ട് അംഗങ്ങളെ ലോക്‌സഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. രണ്ടാം മോദി സര്‍ക്കാരില്‍ ഇതുവരെ നാമനിര്‍ദേശം ചെയ്തിട്ടില്ല. ഇതിനിടെയാണ് ആംഗ്ലോ-ഇന്ത്യന്‍ സമുദായംഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള വ്യവസ്ഥകള്‍ 'തല്‍ക്കാലം' ഇല്ലാതാക്കിയതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിന്റെ നില മെച്ചെപ്പെട്ടെന്നും സംവരണം ആവശ്യമില്ലെന്നും പാനല്‍ നിഗമനത്തിലെത്തിയതിനാലാണു നടപടി. എന്നാലും, ആവശ്യം വരികയാണെങ്കില്‍ സംവരണ പിന്നീട് പുനര്‍വിചിന്തനം നടത്താമെന്നും പറയുന്നുണ്ട്.




Tags:    

Similar News