അത് ഇന്ത്യയിലോ പാകിസ്താനിലോ...?; രാഹുലിന്റെ വയനാട് റാലിയെ കുറിച്ച് അമിത്ഷാ
രാഹുല്‍ ഗാന്ധി പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പച്ചക്കൊടിയുമായി അനുഗമിച്ചതിനെതിരേ യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു
നാഗ്പൂര്‍: രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന വയനാട് ഇന്ത്യയിലാണോ പാകിസ്താനിലാണോയെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. നാഗ്പുരില്‍ നിതിന്‍ ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കവെയാണ് അമിത് ഷായുടെ വിവാദ പരാമര്‍ശം. ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പച്ചക്കൊടിയുമായി റാലിയെ അനുഗമിച്ചതിനെ ലക്ഷ്യമിട്ടാണ് അമിത് ഷായുടെ പരാമര്‍ശം. ആ റാലി കണ്ടാല്‍, അത് ഇന്ത്യയിലാണോ പാകിസ്താനിലാണോയെന്ന് നിങ്ങള്‍ക്ക് പറയാനാവില്ല എന്നായിരുന്നു വിമര്‍ശനം. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ മല്‍സരിക്കുന്നത്. ഇന്ത്യ പാകിസ്താനില്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ രാജ്യം മുഴുവന്‍ സന്തോഷത്തിലായിരുന്നു. എന്നാല്‍ പാകിസ്താനും കോണ്‍ഗ്രസ് പാര്‍ട്ടിയും ദുഖിതരായിരുന്നു. കോണ്‍ഗ്രസിന്റെ സാം പിത്രോഡ പാകിസ്താനുവേണ്ടിയാണ് വാദിക്കുന്നത്. പുല്‍വാമയില്‍ ആക്രമണം നടത്തിയവരെ ന്യായീകരിക്കാനാവുമോയെന്നും അമിത് ഷാ പറഞ്ഞു. നേരത്തേ, രാഹുല്‍ ഗാന്ധി പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പച്ചക്കൊടിയുമായി അനുഗമിച്ചതിനെതിരേ യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു. മുസ്‌ലിം ലീഗിന്റെ പച്ചക്കൊടിയെ പാക് പതാകയോട് സാമ്യപ്പെടുത്തി സംഘപരിവാര്‍ അനുകൂലികള്‍ വ്യാപക പ്രചാരണവും അഴിച്ചുവിട്ടിരുന്നു. ഇതിനു ശേഷമാണ് ബിജെപി ദേശീയാധ്യക്ഷന്‍ തന്നെ വിവാദപരാമര്‍ശവുമായി രംഗത്തെത്തിയത്.