കശ്മീരി യുവാവിന്റെ ഭൂമി കൈവശപ്പെടുത്തി; 46 വര്‍ഷത്തെ വാടക നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം
ശ്രീനഗര്‍: ഭൂമി കൈവശപ്പെടുത്തിയ കശ്മീരി യുവാവിന് 46 വര്‍ഷത്തെ വാടക നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം. ജമ്മു കശ്മീര്‍ ലഡാക്ക് ഹൈക്കോടതിയാണ് വാടക നല്‍കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയത്. 1978 മുതലാണ് സൈന്യം അബ്ദുല്‍ മജീദ് ലോണെ എന്ന വ്യക്തിയുടെ ഭൂമി കൈവശപ്പെടുത്തിയത്. ഇതിനെതിരേ അബ്ദുല്‍ മജീദ് കോടതിയെ സമീപിക്കുകയായിരുന്നു.'സ്വത്തവകാശം ഇപ്പോള്‍ ഭരണഘടനാപരമോ നിയമപരമോ ആയ അവകാശമായി മാത്രമല്ല, മനുഷ്യാവകാശങ്ങളുടെ പരിധിയില്‍ വരുന്നതായി കണക്കാക്കപ്പെടുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
വടക്കന്‍ കശ്മീരിലെ കുപ്വാരയിലെ തങ്ധര്‍ പ്രദേശത്ത് നിന്നുള്ള അബ്ദുള്‍ മജീദ് സൈന്യത്തില്‍ നിന്ന് വാടക ഈടാക്കുന്നതില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു. ജസ്റ്റിസ് വസീം സാദിഖ് നര്‍ഗലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നവംബര്‍ 11നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
'പാര്‍പ്പിടത്തിനുള്ള അവകാശം, ഉപജീവനമാര്‍ഗം, ആരോഗ്യം, തൊഴില്‍ മുതലായ വ്യക്തിഗത അവകാശങ്ങളുടെ മേഖലയില്‍ മനുഷ്യാവകാശങ്ങള്‍ പരിഗണിച്ചിട്ടുണ്ട്, വര്‍ഷങ്ങളായി മനുഷ്യാവകാശങ്ങള്‍ ബഹുമുഖ മാനങ്ങള്‍ നേടിയിട്ടുണ്ട്-് കോടതി ഉത്തരവില്‍ പറയുന്നു.
ഹരജിക്കാരന് സൈന്യം ഒരിക്കലും വാടക നല്‍കിയിരുന്നില്ല. റവന്യൂ അധികാരികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഭൂമി സൈന്യത്തിന്റെ കൈവശമാണ്. സൈന്യം നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഹരജിക്കാരന്റെ ഭൂമി ഏറ്റെടുത്തു. അതും വാടക, നഷ്ടപരിഹാരം എന്നിവ നല്‍കാതെ, ഇത് ഹരജിക്കാരന്റെ ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണ്', കോടതി നിരീക്ഷിച്ചു.
കേന്ദ്രം ഒരിക്കലും ഭൂമി കൈവശപ്പെടുത്തിയിട്ടില്ലെന്ന കേന്ദ്രത്തിന്റെയും സൈന്യത്തിന്റെയും അവകാശവാദങ്ങള്‍ കോടതി തള്ളി. സൈന്യത്തിന്റെ അധിനിവേശവുമായി ബന്ധപ്പെട്ട് വാടക വിലയിരുത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന്' ബന്ധപ്പെട്ട തഹസില്‍ദാറിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റവന്യൂ ഓഫീസര്‍മാരുടെ ഒരു സംഘം രൂപീകരിക്കാന്‍ കുപ്വാര ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ട് ലഭിച്ച തിയ്യതി മുതല്‍ ഒരു ദിവസത്തിനുള്ളില്‍ വാടക ഹരജിക്കാരന് നല്‍കണമെന്ന് കോടതി പറഞ്ഞു.
നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ക്കനുസൃതമായി അല്ലാതെ ഒരു പൗരന്റെ സ്വത്ത് സംസ്ഥാനത്തിനും അതിന്റെ ഏജന്‍സികള്‍ക്കും കൈവശപ്പെടുത്താന്‍ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു.