ടെസ്റ്റ് പോസിറ്റീവിറ്റി അഞ്ചുശതമാനമായി കുറഞ്ഞു; ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാനൊരുങ്ങി കെജ്‌രിവാള്‍
ന്യൂഡല്‍ഹി: രണ്ടാം തരംഗത്തില്‍ പടര്‍ന്നുപിടിച്ച കൊവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ കടുത്ത ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വാരാന്ത്യത്തില്‍ ലഫ്റ്റനന്റ് കേണല്‍ അനില്‍ ബൈജാലുമായി ചര്‍ച്ച നടത്തിയശേഷം ലോക്ക് ഡൗണ്‍ നീക്കുന്നതിനെക്കുറിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍. രാജ്യതലസ്ഥാനത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അഞ്ചുശതമാനമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. കൊവിഡിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഡല്‍ഹിയെയായിരുന്നു.
ഏപ്രില്‍ മാസത്തില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 35 ശതമാനമായിരുന്നു. പ്രതിദിന കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തതിന് പുറമേ ഓക്‌സിജന്‍ കിട്ടാതെ നിരവധി പേര്‍ പിടഞ്ഞുമരിക്കുകയും ചെയ്തു. കിടക്കകളുടെയും മരുന്നിന്റെയും ദൗര്‍ലഭ്യം മൂലം ആരോഗ്യസംവിധാനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലായി. മരണപ്പെടുന്നവരെ അടക്കം ചെയ്യാന്‍ പോലും സ്ഥലം ലഭ്യമാവാതിരുന്നതും മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടിയതും വലിയ വാര്‍ത്തകളായി. സ്ഥിതി അതീവസങ്കീര്‍ണമായ പശ്ചാത്തലത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ പ്രതിദിന കേസുകള്‍ കുത്തനെ കുറയുകയും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 5.5 ശതമാനത്തിലേക്ക് എത്തിക്കാന്‍ കഴിയുകയും ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി കുറയുകയാണെങ്കിലും അഞ്ചുശതമാനമെത്തുന്നതുവരെ കാത്തിരിക്കാന്‍ ആരോഗ്യവിദഗ്ധര്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞയാഴ്ച ലോക്ക് ഡൗണ്‍ നീട്ടുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ചകളില്‍ നേടിയ നേട്ടങ്ങള്‍ നശിപ്പിക്കുന്നത് ശരിയല്ലാത്തതിനാല്‍ ലോക്ക് ഡൗണ്‍ തുടരുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
വാരാന്ത്യത്തില്‍ ഞാന്‍ ലഫ്റ്റനന്റ് ഗവര്‍ണറുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഗവര്‍ണറുമായി എന്ത് ചര്‍ച്ച നടന്നാലും തീരുമാനമെടുത്താലും അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 3,231 വൈറസ് കേസുകളും 233 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നഗരം 4,000 കേസുകള്‍ രേഖപ്പെടുത്തുന്നത്. ബുധനാഴ്ച ഡല്‍ഹിയില്‍ 3,846 കേസുകളും 235 മരണങ്ങളും റിപോര്‍ട്ട് ചെയ്തു.
ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം പോസിറ്റീവിറ്റി നിരക്ക് 5.5 ശതമാനമായി കുറഞ്ഞു. ഇത് ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനുള്ള പ്രധാന ഘടകമാണിതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അവശ്യസേവനങ്ങള്‍ക്ക് മാത്രം അനുമതി നല്‍കിയുള്ള ഏറ്റവും കഠിനമായ ലോക്ക് ഡൗണാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന്ത. മെട്രോ സര്‍വീസ് പോലും കഴിഞ്ഞ രണ്ടാഴ്ചയായി നിര്‍ത്തിവച്ചിരിക്കുകയാണ്.