ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞു; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
അപകടത്തില്‍ ഇതുവരെയും നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, അതിര്‍ത്തിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ തൊഴിലാളികള്‍ സംഭവസ്ഥലത്ത് കുടുങ്ങിപ്പോയതായി സംശയമുണ്ട്.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം ഗര്‍വാള്‍ ജില്ലയിലെ നിതി താഴ്‌വരയോട് ചേര്‍ന്ന് സുംന പ്രദേശത്താണ് മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞുവീണത്. അപകടത്തില്‍ ഇതുവരെയും നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, അതിര്‍ത്തിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ തൊഴിലാളികള്‍ സംഭവസ്ഥലത്ത് കുടുങ്ങിപ്പോയതായി സംശയമുണ്ട്.
കനത്ത മഞ്ഞുവീഴ്ച കാരണം പ്രദേശവുമായി ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തൊഴിലാളികളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഋഷി ഗംഗാ നദിയിലെ ജലനിരപ്പ് രണ്ടടി ഉയര്‍ന്നതായി ദേശീയ ദുരന്തനിവാരണ സേനാ വൃത്തങ്ങള്‍ പറഞ്ഞു.
പ്രദേശത്ത് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി ബിആര്‍ഒയുമായും ജില്ലാ ഭരണകൂടവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് ട്വീറ്റ് ചെയ്തു. പ്രദേശത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയില്‍ ചമോലിയില്‍ നടന്ന മഞ്ഞുമല തകര്‍ന്ന് 80 ഓളം പേരാണ് മരിച്ചത്.