രാംപൂര്‍: ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി എംപി അഅ്‌സംഖാന്റെ മകനും എംഎല്‍എയുമായ അബ്ദുല്ല അഅ്‌സമിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പോലിസിന്റെ കൃത്യനിര്‍വഹണം തടഞ്ഞെന്നാരോപിച്ചാണ് ഇദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുത്തത്.
അഅ്‌സംഖാന്‍ ചാന്‍സലറായുള്ള മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയില്‍ ചൊവ്വാഴ്ച പോലിസ് നടത്തിയ റെയ്ഡാണ് സംഭവങ്ങളുടെ തുടക്കം. സര്‍വകലാശാലയില്‍ മണിക്കൂറുകളോളം റെയ്ഡ് നടത്തി ഇവിടെ നിന്നും നിരവധി പുസ്തകങ്ങളും മറ്റും പോലിസ് പിടിച്ചെടുത്തു. മറ്റു സ്ഥാപനങ്ങളില്‍ നിന്നും മോഷണം പോയ വിലകൂടിയ പുസ്തകങ്ങളാണ് പിടിച്ചെടുത്തതെന്നു പോലിസ് സൂപ്രണ്ട് അജയ് പാല്‍ ശര്‍മ പിന്നീട് അറിയിച്ചു. സര്‍വകലാശാലാ ലൈബ്രറിയിലുണ്ടായിരുന്ന നാലുപേരെ പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഇന്നും തിരച്ചിലിനായി പോലിസ് വീണ്ടും ലൈബ്രറിയിലെത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വിശദമായി പരിശോധിച്ചതാണെന്നും ഇന്നും പരിശോധന നടത്താന്‍ അനുവദിക്കില്ലെന്നും കാണിച്ച് എംഎല്‍എ അബ്ദുല്ല അഅ്‌സം പോലിസിനെ തടഞ്ഞു. ഇതേ തുടര്‍ന്നു പ്രശ്‌നങ്ങളുണ്ടാവുകയും പോലിസ് അബ്ദുല്ല അഅ്‌സമിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.