സിമി മുന്‍ പ്രസിഡന്റ് ഡോ. ശാഹിദ് ബദര്‍ ഫലാഹി യെ അറസ്റ്റ് ചെയ്തു

ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിലുള്ള വീട്ടില്‍ വ്യാഴാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് ഫലാഹിയെ അസംഗഡ് പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2019-09-06 02:03 GMT

അസംഗഡ്: സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി) മുന്‍ പ്രസിഡന്റ് ഡോ. ഷാഹിദ് ബദര്‍ ഫലാഹിയെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിലുള്ള വീട്ടില്‍ വ്യാഴാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് ഫലാഹിയെ അസംഗഡ് പോലിസ് അറസ്റ്റ് ചെയ്തത്. 2001ല്‍ ഗുജറാത്തിലെ ഭുജ് ജില്ലയില്‍ നടന്ന കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലിസ് അസംഗഡ് പോലിസ് സ്‌റ്റേഷനില്‍ അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്.

കേസില്‍ 2012ല്‍ ഫലാഹിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച്ച രാവിലെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു. ഫലാഹിക്ക് നിയമ പരിരക്ഷ ഉറപ്പാക്കാന്‍ രാഷ്ട്രീയ ഉലമയുടെ അഭിഭാഷകര്‍ രംഗത്തുണ്ട്.

1977 ഏപ്രിലില്‍ ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സിമി രൂപീകരിച്ചത്. സപ്തംബര്‍ 11 ആക്രമണത്തിന് പിന്നാലെ 2001ല്‍ കേന്ദ്ര സര്‍ക്കാര്‍ സിമിയെ നിരോധിക്കുകയായിരുന്നു. 2008ല്‍ സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ നിരോധനം പിന്‍വലിച്ചുവെങ്കിലും 2008 ആഗസ്ത് 6ന് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്‍ നിരോധനം പുനസ്ഥാപിച്ചു. ദേശീയ സുരക്ഷയുടെ പേര് പറഞ്ഞായിരുന്നു ഈ നടപടി. തുടര്‍ന്ന് ഡോ. ഷാഹിദ് ബദര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായെങ്കിലും കോടതി വെറുതെ വിടുകയായിരുന്നു. 

Tags:    

Similar News