ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പ്പി ഡോ. ബാബാ സാഹേബ് അംബേദ്കറുടെ പേരമകനും റിപ്പബ്ലിക്കന്‍ സേന പ്രസിഡന്റുമായ അനന്ത് രാജ് അംബേദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിതിന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ തങ്ങളുടെ പാര്‍ട്ടി മല്‍സരിക്കുന്ന ഏഴു സ്ഥാനാര്‍ഥികളെയും പിന്‍വലിച്ചെന്നും തന്നോടൊപ്പം ആയിരക്കണക്കിനു അനുയായികളും കോണ്‍ഗ്രസില്‍ ചേരുന്നതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനു മാത്രമേ അംബേദ്കറുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാനാവൂവെന്നും ഏഴു സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഗോണ്ട നിയോജക മണ്ഡലം ബിജെപി മുന്‍ എംഎല്‍എ ബി ടി ശര്‍മ, ഡല്‍ഹി പ്രദേശ് പൂര്‍വഞ്ചാല്‍ ഗണ പരിഷത്ത് പ്രസിഡന്റ് നിര്‍മല്‍ പഥക് ഉള്‍പ്പെടെയുള്ളവരും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജ്യത്തിന്റെ വികസനത്തിനു വേണ്ടിയുള്ള രാഹുല്‍ഗാന്ധിയുടെ കാഴ്ചപ്പാടുകളും പദ്ധതികളും പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇവരുടെ പാര്‍ട്ടി പ്രവേശനം കരുത്തേകുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് കരുത്ത് തെളിയിക്കുമെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.