കനയ്യകുമാര്‍ രാജ്യദ്രോഹി, വിജയിപ്പിക്കരുത്; വ്യക്തിഹത്യ നടത്തി അമിത് ഷാ
കനയ്യകുമാറിനെ പോലുള്ള രാജ്യദ്രോഹികളെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദപരാമര്‍ശം. ബീഹാറിലെ ബേഗുസരായിയില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനായി വോട്ടഭ്യര്‍ഥിക്കുകയായിരുന്നു അമിത് ഷാ.
ന്യൂഡല്‍ഹി: ബീഹാറിലെ ബേഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥി കനയ്യകുമാറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. കനയ്യകുമാറിനെ പോലുള്ള രാജ്യദ്രോഹികളെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദപരാമര്‍ശം. ബീഹാറിലെ ബേഗുസരായിയില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനായി വോട്ടഭ്യര്‍ഥിക്കുകയായിരുന്നു അമിത് ഷാ.
രാംദാരി സിങ് ദിനകറിനെ പോലുള്ള മഹാകവികളുടെ നാടാണ് ബേഗുസരായി. അവിടെ കനയ്യകുമാറിനെപ്പോലുള്ള ദേശവിരുദ്ധര്‍ക്ക് സ്ഥാനമില്ല. 2016ല്‍ ജവഹര്‍ലാല്‍ നെഹ്രു യൂനിവേഴ്‌സിറ്റിയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ആരോപണവിധേയനായ വ്യക്തിയാണ് സിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്. ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ ഒരിക്കലും ബിഹാറില്‍നിന്ന് വിജയിക്കാന്‍ പാടില്ലെന്നും ബേഗുസരായിയിലെ ജനങ്ങള്‍ കനയ്യകുമാറിനെ സ്വീകരിക്കരുതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലൊന്നാണ് ബേഗുസരായിയിലേത്.
ബിജെപി സ്ഥാനാര്‍ഥിയായ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന് ഇടതുസഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയും ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ നേതാവുമായ കനയ്യകുമാര്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ആര്‍ജെഡി നേതാവ് തന്‍വീര്‍ ഹുസൈന്‍കൂടി മല്‍സരിക്കാനെത്തിയതോടെ മണ്ഡലത്തില്‍ ശക്തമായ മല്‍സരത്തിനാണ് വേദിയായിരിക്കുന്നത്. ബേഗുസരായില്‍ കനയ്യകുമാറിനെതിരേ മല്‍സരിക്കാനില്ലെന്ന് ഗിരിരാജ് സിങ് സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തിനു പിന്നാലെ വ്യക്തമാക്കിയിരുന്നു. മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥിയായ കനയ്യയെ പിന്തുണക്കാമെന്ന് ആര്‍ജെഡി നേരത്തെ പറഞ്ഞിരുന്നങ്കിലും പിന്നീട് അവര്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നു.