പാകിസ്താനിലേക്ക് പോകൂ എന്നാക്രോശിച്ച് മുസ്‌ലിം യുവാവിനു നേരെ വെടിയുതിര്‍ത്തു(വീഡിയോ)
ഇക്കാര്യം പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടെങ്കിലും ആരും ഗൗനിച്ചില്ലെന്നും ഖാസിം പറഞ്ഞു
പട്‌ന: ബിഹാറിലെ ബെഗുസാരായിയില്‍ മുസ്‌ലിം യുവാവിനോട് പാകിസ്ഥാനിലേക്ക് പോകൂ എന്നാക്രോശിച്ച് വെടിയുതിര്‍ത്തു. മുഹമ്മദ് ഖാസിം എന്ന തൊഴിലാളിക്കാണ് ശരീരത്തിന്റെ പിന്‍ഭാഗത്ത് ഗുരുതരമായി പരിക്കേറ്റത്. തന്നെ വെടിയുതിര്‍ക്കുമ്പോള്‍ നിരവധി പേര്‍ നോക്കിനില്‍ക്കുകയായിരുന്നുവെന്നും ആരും സഹായത്തിനെത്തിയില്ലെന്നും അക്രമിയെ തള്ളിയിട്ട് ഓടിരക്ഷപ്പെടുകയുമായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്ന ഖാസിം പറഞ്ഞു. സാമൂഹികപ്രവര്‍ത്തകന്‍ മുഹമ്മദ് ആസിഫ് ഖാന്‍ എന്നയാള്‍ ട്വിറ്ററിലൂടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.ബെഗുസാരായിയിലെ സിപിഐ സ്ഥാനാര്‍ഥിയായിരുന്ന കനയ്യകുമാറും വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു.അക്രമി മദ്യലഹിരിയിലായിരുന്നു. ആദ്യം തന്നോട് പേര് ചോദിച്ചു. മുഹമ്മദ് ഖാസിം എന്നു പറഞ്ഞയുടന്‍ പാകിസ്താനിലേക്ക് പോകൂ എന്ന് ആക്രോശിച്ചു. തൊട്ടുടനെ തോക്കെടുത്ത് വെടിയുതിര്‍ത്തു. ഈസമയം സമീപത്തുണ്ടായിരുന്നവര്‍ ആരും തന്നെ സഹായത്തിനെത്തിയില്ല. തോക്കു കണ്ട് ഭയന്ന് അവരെല്ലാം മാറി നില്‍ക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലാതെ വന്നതോടെ അക്രമിയെ തള്ളിയിട്ട് ഓടിരക്ഷപ്പെടുകയായിരുന്നു. ഇക്കാര്യം പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടെങ്കിലും ആരും ഗൗനിച്ചില്ലെന്നും ഖാസിം പറഞ്ഞു.
നരേന്ദ്രമോദിക്ക് വീണ്ടും അധികാരം ലഭിച്ചതോടെ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരേ അക്രമം വ്യാപിക്കുകയാണ്. മധ്യപ്രദേശിലെ സിയോനിയില്‍ ബീഫ് കൈവശം വച്ചാന്നാരോപിച്ച് സ്ത്രീയടക്കം മൂന്ന് പേരെ ശ്രീരാമ സേനക്കാര്‍ ആക്രമിച്ചിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലും മുസ്‌ലിം യുവാക്കളെ ജയ് ശ്രീ റാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിഹാറിലും സമാന സംഭവം നടന്നത്.