'പോലിസ് വാദം വിശ്വസിക്കാനാവില്ല', യുഎപിഎ ചുമത്തിയത് ജാമ്യം നിഷേധിക്കാന്‍'; മുസ്‌ലിം യുവാവിന് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Update: 2022-08-28 11:12 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ ഹിന്ദു യുവാവിനെ വധിക്കാന്‍ ഗൂഢാലോചനയിട്ടെന്ന് ആരോപിച്ച് പോലിസ് കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച മുസ്‌ലിം യുവാവിന് ജാമ്യം നല്‍കി ഹൈക്കോടതി. തൃച്ചി സ്വദേശിയായ സദ്ദാം ഹുസൈനെന്ന 31കാരനാണ് 172 ദിവസത്തെ അന്യായ ജയില്‍ വാസത്തിനു ശേഷം മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കോയമ്പത്തൂര്‍ സ്വദേശിയായ കുമരേശന്‍ എന്നയാളെ കൊല്ലാന്‍ മറ്റ് നാല് പേര്‍ക്കൊപ്പം പദ്ധതിയിട്ടെന്ന് ആരോപിച്ചായിരുന്നു സദ്ദാം ഹുസൈനെ തൃച്ചി പോലിസ് അറസ്റ്റ് ചെയ്തത്. പരാതി പോലുമില്ലാതെയായിരുന്നു പോലിസ് നടപടി.

കേസില്‍ യുഎപിഎ ഉള്‍പ്പെടുത്തിയിരിക്കുന്നത് പരാതിക്കാരന് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാതിരിക്കാനോ ജാമ്യം ലഭിക്കാന്‍ കാലതാമസം വരുത്താനോ വേണ്ടി മാത്രമാണെന്നും കോടതി തുറന്നടിച്ചു. മുസ്‌ലിം യുവതിയെ വിവാഹം കഴിച്ച തന്റെ മകന്റെ ഇസ്‌ലാമിലേക്കുള്ള മതംമാറ്റം തടഞ്ഞതിന് കുമരേശനെ സദ്ദാം ഹുസൈന്‍ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കാനുള്ള കാരണങ്ങളൊന്നുമില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് എസ് വൈദ്യനാഥന്‍, എ ഡി ജഗദീഷ് ചന്ദിര എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സദ്ദാമിനെതിരായ ആരോപണങ്ങള്‍ ഒരിക്കലും തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരില്ലെന്നും കുറ്റങ്ങള്‍ പ്രഥമദൃശ്ട്യാ സത്യമാണെന്ന് വിശ്വസിക്കാനാവില്ലെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ ആര്‍ക്കും പരിക്കില്ല. മാത്രമല്ല ആരുടേയും പരാതിയുമില്ല. കോടതി വ്യക്തമാക്കി.

കേസ് കെട്ടിച്ചമച്ചതായതിനാല്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെന്ന് സദ്ദാമിന്റെ സഹോദരി ജന്നാത്തുല്‍ ഫിര്‍ദൗസ് പ്രതികരിച്ചു.മാര്‍ച്ച് നാലിനാണ് സദ്ദാമിനോട് തൃച്ചി പൊലീസ് സ്‌റ്റേഷനില്‍ ഹാജരാവണം എന്നാവശ്യപ്പെട്ട് ഫോണ്‍ വരുന്നത്. ഒരു പെറ്റിക്കേസില്‍ അന്വേഷണം നടത്താനാണെന്നും അത് കഴിഞ്ഞാലുടന്‍ വീട്ടിലേക്ക് പോകാമെന്നും പോലിസുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്‌റ്റേഷനിലെത്തിയ സദ്ദാമിനെ പോലിസുകാര്‍ ചെന്നൈയിലേക്കും കോയമ്പത്തൂരിലേക്കും കൊണ്ടുപോയി. എന്താണ് കേസെന്നോ ആരോപണങ്ങളെന്നോ അവര്‍ അദ്ദേഹത്തോട് പറഞ്ഞില്ല. പിന്നാലെ അറസ്റ്റ് ചെയ്ത മറ്റ് നാല് പേരെയും അദ്ദേഹത്തേയും യുഎപിഎ ചുമത്തി ഗോപിചെട്ടിപ്പാളയം ജയിലില്‍ അടച്ചു. അവരെ തീവ്രവാദികളായി മുദ്ര കുത്തി ഏകാന്ത തടവിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. മാര്‍ച്ചിന് ശേഷം രണ്ട് തവണ മാത്രമാണ് അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചതെന്നും സഹോദരി വിശദമാക്കി.

അതേസമയം, കുമരേശന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി മാര്‍ച്ച് ഏഴിന് സദ്ദാം കോയമ്പത്തൂരിലെ ഇന്ദിരാ നഗറിലെത്തുകയും ബന്ധുക്കളായ ബക്രുദ്ദീന്‍, ഇമ്രാന്‍, മുഹമ്മദ് അലി ജിന്ന, സുഹൃത്ത് അജയ് എന്ന രംവീര്‍ എന്നിവര്‍ അയാളെ കൊല്ലാനായി യുവാവിന്റെ സിഗ്‌നലിനായി കാത്തുനിന്നെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. 'ഈ സമയം ഇതുവഴി വാഹനപരിശോധനയുടെ ഭാഗമായി പോയ സെല്‍വപുരം സബ് ഇന്‍സ്‌പെക്ടര്‍ പി സിലംബരസന്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സദ്ദാമിനെ കസ്റ്റഡിയിലെടുക്കുകയും അന്വേഷണത്തിനായി സ്‌റ്റേഷനിലെത്തിക്കുകയും ചെയ്തു' പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു.

ചോദ്യം ചെയ്യലിനിടെ തങ്ങള്‍ കുമരേശനെ കൊല്ലാന്‍ എത്തിയതാണെന്ന് തങ്ങളോട് സമ്മതിച്ചെന്നും മുസ്‌ലിം യുവതിയെ വിവാഹം കഴിച്ച അയാളുടെ മകനെ ഇസ്‌ലാമിലേക്ക് മതം മാറുന്നതില്‍ നിന്ന് തടഞ്ഞതിന്റെ പ്രതികാരമായാണ് കൊല ആസൂത്രണം ചെയ്തതെന്ന് സദ്ദാം പറഞ്ഞെന്നുമാണ് പൊലീസ് ഭാഷ്യം. മുസ്‌ലിങ്ങളെ വിവാഹം ചെയ്യുകയും ഹിന്ദുമതത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പും കൂടിയായാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നും സദ്ദാം പറഞ്ഞതായി പോലിസ് പറയുന്നു. കൊലയ്ക്ക് ശേഷം യുപിയിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കമെന്നും പോലിസ് ആരോപിച്ചു. തുടര്‍ന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ഇന്ത്യന്‍ മുസ്‌ലിം ഡെവലപ്‌മെന്റ് അസോസിയേഷന്റെ (ഐ.എം.ഡി.എ) ചെന്നൈ ചാപ്റ്റര്‍ പ്രസിഡന്റായ ബക്രുദ്ദീനെ തിരുവാരൂര്‍ സ്വദേശിയായ നൂര്‍ നിഷ എന്ന സ്ത്രീ വിളിക്കുകയും കുമരേശനെ കൊല്ലാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നെന്ന് പോലിസ് പറയുന്നു. അവരുടെ മകളായ സഹാനാസ്മിയെ കുമരേശന്റെ മകന്‍ അരുണ്‍കുമാര്‍ വിവാഹം ചെയ്യുകയും എന്നാല്‍ മകന്‍ ഇസ്‌ലാമിലേക്ക് മതംമാറുന്നതില്‍ നിന്ന് അയാള്‍ തടഞ്ഞെന്നും നൂര്‍ നിഷ ബക്രുദ്ദീനോട് പറഞ്ഞെന്നുമാണ് പോലിസ് ഭാഷ്യം. കുമരേശനെ കൊലപ്പെടുത്തി മകന്‍ അരുണ്‍കുമാറിന് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നൂര്‍നിഷയും മറ്റുള്ളവരും ഗൂഢാലോചന നടത്തുകയായിരുന്നെന്നും പോലിസ് പറയുന്നു. നൂര്‍ നിഷയെ ഏപ്രില്‍ 12ന് അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയുമായിരുന്നെന്നും പോലിസ് പറയുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തള്ളിയാണ് കോടതി സദ്ദാമിന് ജാമ്യം അനുവദിച്ചത്. അതേസമയം, ഐഎംഡിഎ എന്നതൊരു രജിസ്‌റ്റേര്‍ഡ് സംഘടനയാണെന്നും സദ്ദാമും അതില്‍ അംഗമാണെന്നും ബന്ധുവായ എസ് എം എ ജിന്ന പറയുന്നു. സാമൂഹിക പ്രവര്‍ത്തനം നിര്‍ത്തണമെന്ന് പോലിസ് സദ്ദാമിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാലദ്ദേഹം ആവശ്യം നിരസിച്ചു. ഇതോടെയാണ് അദ്ദേഹത്തെ അന്യായമായി അറസ്റ്റ് ചെയ്ത് കള്ളക്കേസും യുഎപിഎയും ചുമത്തി ജയിലിലടച്ചതെന്നും ജിന്ന വ്യക്തമാക്കി.

ഇതിനിടെ, സദ്ദാമിന്റെ പിതാവ് മുഖ്യമന്ത്രി സെല്ലിനും ന്യൂനപക്ഷകാര്യ വകുപ്പിനും ഡിജിപി ഓഫീസിനും കത്തെഴുതിയിരുന്നു. എന്നാല്‍, ഒരു പടി മുന്നോട്ടുപോയ തമിഴ്‌നാട് സര്‍ക്കാര്‍, കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേസ് മുഴുവന്‍ സൂക്ഷ്മമായി പരിശോധിച്ച എന്‍ഐഎ അന്വേഷണം നടത്താന്‍ വിസമ്മതിക്കുകയായിരുന്നെന്നും ജിന്ന വ്യക്തമാക്കി.

25,000 രൂപയുടെ ബോണ്ടിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിലോ ഒളിവില്‍ കഴിയുമ്പോഴോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടെരുതെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നും നിര്‍ദേശിച്ചു.

സദ്ദാമിന്റെ ഫോണ്‍ നമ്പര്‍, പാസ്‌പോര്‍ട്ട്, താമസ വിവരങ്ങള്‍ എന്നിവ പോലിസിന് കൈമാറാനും ഉത്തരവിട്ടു. അഭിഭാഷകനായ എസ്എംഎ ജിന്നയാണ് സദ്ദാമിന് വേണ്ടി ഹാജരായത്. സംസ്ഥാനത്തിന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബാബു മുത്തുമീരന്‍ ഹാജരായി. എന്‍ഐഎയ്ക്ക് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ കാര്‍ത്തികേയന്‍ ഹാജരായി.

Tags:    

Similar News